കാഞ്ഞങ്ങാട് റോയി ജോസഫ് കൊലക്കേസ്; പ്രതിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി..
കാഞ്ഞങ്ങാട് റോയി ജോസഫ് കൊലക്കേസിലെ പ്രതിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രതി നരേന്ദ്രന്റെ മകൻ കാശിനാഥൻ ആണ് മരിച്ചത്. കാഞ്ഞങ്ങാട് പുല്ലൂരിലെ ക്ഷേത്ര കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർർഥിയാണ് കാശിനാഥൻ. അതേസമയം, മരണം ആത്മഹത്യ എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. നരേന്ദ്രനെ ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാശിനാഥൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
കാഞ്ഞങ്ങാട് കെട്ടിടത്തിന്റെ മുകളിൽ നിന്നും യുവാവ് വീണ് മരിച്ച കേസിലാണ് നരേന്ദ്രനെ അറസ്റ്റ് ചെയ്തത്. കെട്ടിട ഉടമ വെള്ളിക്കോത്ത് പെരളം സ്വദേശി റോയി ജോസഫാണ് മരിച്ചത്. കെട്ടിട നിർമാണ കരാർ എടുത്ത നരേന്ദ്രൻ ചവിട്ടി തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തൽ. കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ റോയി ചികിത്സക്കിടെയാണ് മരിച്ചത്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ തള്ളിയിട്ടു എന്നാണ് പരാതി. ഹോസ്ദുർഗ് പൊലീസ് ആണ് നരേന്ദ്രനെ കസ്റ്റഡിയിൽ എടുത്തത്.