ദർഷിതയുടേത് ക്രൂരകൊലപാതകം.. വായിൽ ഡിറ്റനേറ്റർ വെച്ച് പൊട്ടിച്ചു.. സുഹൃത്ത് പിടിയിൽ…
കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് ദർഷിതയെ കൊലപ്പെടുത്തിയിരിക്കുന്നത്. ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ആണ് ഉപയോഗിച്ചതെന്നാണ് സൂചന.മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദർഷിതയുടെ സുഹൃത്ത് സിദ്ധരാജുവിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.
ദർഷിതയുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയുമാണ് കാണാതായത്. സ്വർണവും പണവും നഷ്ടപ്പെട്ട ദിവസമാണ് ദർഷിത വീട് പൂട്ടി കർണാടകയിലേക്ക് പോയത്. സ്വർണവും പണവും കവർന്നതിന് പിന്നിൽ ദർഷിതയും സുഹൃത്തുമെന്നാണ് പൊലീസിന്റെ സംശയം.കഴിഞ്ഞ വെള്ളിയാഴ്ചയാണ് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും സുമതയുടെ വീട്ടിൽ നിന്നും മോഷണം പോയത്. കല്യാട് സ്വദേശി കെ. സി. സുമലതയും കുടുംബവും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയമായിരുന്നു മോഷണം നടന്നത്. ഇതിനുശേഷമാണ് മൂത്തമകന്റെ ഭാര്യയായ ദർശിതയും മകളുമായി വീടും പൂട്ടി കർണാടകയിലേക്ക് പോയത്. തുടർന്ന് യുവതിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.