‘മകൻ ഒന്നിലും ഇടപെടാതെ സമ്പന്നനായി ജീവിക്കുന്നുവെന്നവാദം നൂറുകണക്കിന് ചെറുപ്പക്കാരെ തള്ളിപ്പറയുന്നതിന് തുല്യം’.. പിണറായിക്ക് വിമർശനം…

തന്റെ മകന്‍ രാഷ്ട്രീയത്തില്‍ ഇടപെടാത്ത ആളെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മകന്‍ ഒന്നിലും ഇടപെടാതെ സമ്പന്നനായി ജീവിക്കുന്നു എന്ന വാദം നൂറുകണക്കിന് ചെറുപ്പക്കാരെ തള്ളിപ്പറയുന്നതിന് തുല്യമാണെന്ന് കല്‍പറ്റ നാരായണന്‍ പറഞ്ഞു. താനൊരു സഖാവാണല്ലോയെന്ന് അഭിമാനിക്കുന്ന ഒരാള്‍ മകനും സഖാവ് ആകണമെന്നല്ലേ വിചാരിക്കേണ്ടതെന്നും കല്‍പറ്റ നാരായണന്‍ വിമര്‍ശിച്ചു.

‘ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മകന്‍ ആരാകണമെന്നാണ് ആലോചിക്കുക. ഒരു സോഷ്യലിസ്റ്റുകാരന്‍ മകന്‍ ആരാകണമെന്നാണ് ആഗ്രഹിക്കുക. അയാള്‍ കമ്മ്യൂണിസ്റ്റുകാരന്‍ ആകണമെന്നല്ലേ ആഗ്രഹിക്കുക. ഇതൊരു പ്രിവിലേജ്ഡ് ക്ലാസ് ആണെന്ന് മനസ്സിലാക്കി, അതില്‍ അഭിമാനിച്ച് എന്തുനഷ്ടം വന്നാലും ഞാനൊരു സഖാവാണല്ലോയെന്ന് അഭിമാനിക്കുന്ന ഒരാളുടെ മകന്‍ ഒരു സഖാവ് ആകണമെന്നല്ലേ വിചാരിക്കേണ്ടത്. ഇതല്ല വഴി, സമ്പന്നനായി ആഡംബരത്തോടെ മറ്റൊന്നിലും ശ്രദ്ധിക്കാതെ ഭൂമിയില്‍ എന്തുസംഭവിച്ചാലും തനിക്ക് കുഴപ്പമില്ലെന്ന വിധത്തില്‍ ജീവിക്കുന്ന ഒരു വലിയ തലമുറ വളര്‍ന്നുവരുമ്പോഴാണ്, അതില്‍ ഒരുവനാണെന്ന് അഭിമാനപൂര്‍വ്വം തന്റെ മകനെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത്. ജീവിതം പണയംവെച്ച് എസ്എഫ്‌ഐക്കാരോ ഡിവൈഎഫ്‌ഐക്കാരനോ അനുഭവിക്കുന്നതിനെ അവഗണിക്കുന്നതല്ലേ’, എന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.

അധികാരത്തിന്റെ ഇടനാഴിയില്‍ തന്റെ മകനെ നിങ്ങള്‍ക്ക് കാണാനാകില്ലെന്നും മക്കളില്‍ അഭിമാനമാണെന്നുമായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. മകന്‍ വിവേക് കിരണ്‍ വിജയന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Related Articles

Back to top button