കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ്.. പൂര്‍വ വിദ്യാര്‍ത്ഥി ആഷിക്ക് അറസ്റ്റില്‍….
കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പൂർവ്വ വിദ്യാർത്ഥി പിടിയിൽ.പൂര്‍വ വിദ്യാര്‍ഥി ആഷിക്കാണ് അറസ്റ്റിലായത്. ആഷിക്കാണ് കേസിലെ മറ്റൊരു പ്രതിയായ ആകാശിന് കഞ്ചാവ് കൈമാറിയത്. പിടിയിലായ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥിക്കെതിരായ തെളിവുകൾ ലഭിച്ചത്.
കോളേജിന് പുറത്തുള്ളവരാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കേസില്‍ പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജ്, ആദിത്യന്‍ എന്നിവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ചെറിയ അളവാണ് പിടിച്ചെടുത്തത് എന്ന കാരണം പറഞ്ഞാണ് അഭിരാജിനെയും ആദിത്യനെയും പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. എന്നാല്‍ എസ്എഫ്ഐ നേതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ പൊലീസ് നടപടിയെന്ന വിമര്‍ശനമാണ് ഉയരുന്നത്.
അതേസമയം അറസ്റ്റിലായ മറ്റൊരു പ്രതി ആകാശിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആകാശ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് കച്ചവടം നടത്തുന്ന വ്യക്തിയാണെന്നും, വില്‍പ്പന ലക്ഷ്യം വച്ചുള്ള കഞ്ചാവാണ് ഹോസ്റ്റലില്‍ എത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കഴിഞ്ഞ ദിവസം കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ നിന്ന് രണ്ട് കിലോയില്‍ അധികം കഞ്ചാവ് കണ്ടെത്തിയത്.