വിഷമല്ല, കൊടും വിഷമെന്ന് മുഖ്യമന്ത്രി..ചർച്ചയായി കളമശ്ശേരി സ്ഫോടനവും രാജീവ് ചന്ദ്രശേഖറും…

ആഭ്യന്തരകലഹത്തിൽപെട്ട ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ ഇന്ന് ചു​മതലയേറ്റു. സംഘ്പരിവാർ നേതാവിനെ വികസന നായകനെന്ന രീതിയിലാണ് ബിജെപിയും അനുകൂലമാധ്യമങ്ങളും അവതരിപ്പിക്കുന്നത്. എന്നാൽ മറുനാടൻ മലയാളിയും വ്യവസായിയും ടെക്കിയും ഏഷ്യാനെറ്റ് ന്യൂസ് മുതലാളിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പേര് ഇതിന് മുമ്പ് കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഒന്നര വർഷം മുമ്പാണ്.കൃത്യമായി പറഞ്ഞാൽ 2023 ഒക്ടോബർ 29. അന്ന് രാവിലെ 9.35 നാണ് എറണാകുളം കളമ​ശേരി സംറ കൺവെൻഷൻ സെന്ററിൽ ‘യവോവസാക്ഷികൾ’ സഭാ വിഭാഗത്തിന്റെ പ്രാർഥനാ സമ്മേളനം നടക്കുന്നതിനിടയിൽ രണ്ട് സ്​ഫോടനങ്ങൾ ഉണ്ടാകുന്നത്. മണിക്കൂറുകൾക്കകം പ്രതി ഡൊമിനിക് മാർട്ടിൻ പൊലീസിൽ കീഴടങ്ങി. രാജ്യത്തെ ഞെട്ടിച്ച ഇരട്ട സ്ഫോടനങ്ങളിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്.

സ്ഫോടനത്തെതുടർന്ന് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലും പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാ​ലെയുമാണ് ഇന്ന് ബിജെപി സംസ്ഥാന പ്രസിഡന്റായ അന്നത്തെ കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ വിദ്വേഷ പരാമർശം നിറഞ്ഞ പോസ്റ്റിടുന്നത്. മലപ്പുറത്ത് സോളിഡാരിറ്റി നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ ഹമാസിന്റെ മുൻ തലവനായ ഖാലിദ് മിഷ്അൽ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തിരുന്നു.

ഇത് ഉയർത്തിപ്പിടിച്ചായിരുന്നു രാജീവിന്റെ പോസ്റ്റ് ‘ഈ സ്ഫോടനത്തിന്റെ ഉത്തരവാദികൾ ഫലസ്തീൻ അനുകൂല റാലിക്ക് അനുവാദം നൽകിയ കേരള സർക്കാർ ആണ്. ഹമാസ് നേതാവ് പ്രസംഗത്തിൽ ജിഹാദിന് ആഹ്വാനം ചെയ്തെന്നും അവിശ്വാസികൾക്കെതിരായി യുദ്ധം പ്രഖ്യാപിച്ചെന്നും അതാണ് 24 മണിക്കൂറിനുള്ളിൽ നാം കണ്ടതെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു. ട്വീറ്റിനൊപ്പം എഎൻഐക്ക് നൽകിയ അഭിമുഖത്തിലും അദ്ദേഹം ഈ വാദം ആവർത്തിച്ചു. നുണയും വർഗീയതയും വെറുപ്പും മാത്രം നിറഞ്ഞ ആ പോസ്റ്റ് ദേശീയ മാധ്യമങ്ങളും കേരളത്തിലെ ചില മാധ്യമങ്ങളും ഏറ്റെടുത്തു. എന്നാൽ ആ വിദ്വേഷ പരാമർശത്തിന് മണിക്കൂറുകൾ മാത്രമാണ് ആയുസുണ്ടായിരുന്നത്. സ്ഫോടനം നടത്തി ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ, അതായത് 11 മണിക്ക് പ്രതിയായ ഡൊമിനിക് മാർട്ടിൻ കുറ്റം ഏറ്റെടുത്ത് ഫേസ്ബുക്കിൽ ലൈവിടുകയും ഒരു മണിയോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു. അതോടെ കേന്ദ്ര മന്ത്രിയുടെ പരാമർശം ഏറ്റെടുത്ത് സംഘ്പരിവാറും ബിജെപി നേതാക്കളും ആസൂത്രിതമായി പ്രചരിപ്പിച്ച നുണ പൊളിഞ്ഞു.

ഇതോടെ കേരളത്തിന്റെ സാമൂഹിക സൗഹാർദ അന്തരീക്ഷം തകർക്കാൻ ശ്രമിച്ച ബിജെപി സംഘ്പരിവാർ നേതാക്കൾക്കെതിരെയും കേന്ദ്രമന്ത്രി രാജീവിനെതിരെ പൊതുജനങ്ങളും പ്രതിപക്ഷവും മുഖ്യമന്ത്രിയുമടക്കമുള്ളവർ രംഗത്തെത്തി. പിന്നാലെ കളമശേരി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിദ്വേഷപ്രചരണം നടത്തിയതിന് രാജീവ് ചന്ദ്രശേഖറിനെതിരെ രണ്ട് കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. സൈബർ സെൽ എസ്ഐയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി 153,153 എ, പൊലീസ് ആക്ടിലെ 120 (o) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ‌‌‌കളമശേരി സ്ഫോടനത്തെ ഹമാസ് ആക്രമണവുമായി താരതമ്യപ്പെടുത്തി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന്റെ അടിസ്ഥാനത്തിൽ അന്ന് കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായിരുന്ന ഡോ.പി സരിനും പരാതി നൽകി. ഇതിനെത്തുടർന്ന് എറണാകുളം സെൻട്രൽ പൊലീസും കേസെടുത്തു. സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷം പ്രചരിപ്പിക്കുക, മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകളും ചുമത്തി.

ഡൊമിനിക് മാർട്ടിൻ അറസ്റ്റിലായതിന് ശേഷം മാധ്യമങ്ങൾ രാജീവ് ചന്ദ്രശേഖറിനോട് വിദ്വേഷ പരാമർശത്തി​ൽ വീണ്ടും പ്രതികരണം തേടിയപ്പോൾ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. മാസങ്ങൾ പിന്നിട്ടപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് രാജീവ് മത്സരിക്കാനെത്തുകയും ചെയ്തു.അതിന് പിന്നാലെയാണ് സംസ്ഥാന നേതാക്കളെയെല്ലാം വെട്ടി രാജീവ് ചന്ദ്രശേഖറിനെ പാർട്ടി പ്രസിഡന്റായി ​നിയമിക്കുന്നത്. കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് മന്ത്രിയുൾപ്പടെ മറ്റുള്ളവർക്കെതിരെ സംസ്ഥാനത്താകെ രജിസ്റ്റര്‍ ചെയ്തത് 54 കേസുകളാണ്.

Related Articles

Back to top button