എന്തിനാണ് ‘ചാരവനിതക്ക്’ കേരളം പരവതാനി വിരിച്ചത്?.. തിരിഞ്ഞുകൊത്തി സുരേന്ദ്രൻ..

ചാരക്കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്ര കണ്ണൂരിലെത്തിയത് കേരള ടൂറിസത്തിന്റെ സ്പോൺസർഷിപ്പിലൂടെയെന്ന് പറഞ്ഞ ബിജെപി മുന്‍ അദ്ധ്യക്ഷന്‍ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് തിരിഞ്ഞുകൊത്തുന്നു.

വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പമുള്ള ജ്യോതിയുടെ വീഡിയോ പുറത്തായതിന് പിന്നാലെയാണ് ജൂലൈ ആറിന് പോസ്റ്റ് ചെയ്ത സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയായത്. ഈ യാത്രയിൽ അന്ന് ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു.

‘ഒരു മാസം മുൻപ് ഞാൻ ഈ വസ്തുത പുറത്തുവിട്ടപ്പോൾ നിർഭാഗ്യവശാൽ പതിവുപോലെ ഒരു മലയാള മാധ്യമവും വാർത്തയാക്കിയില്ല. അന്ന് ദേശീയമാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെയാണ് എന്റെ പ്രതികരണം വാർത്തയാക്കിയത് എന്നാണ് ജ്യോതി മൽഹോത്ര കണ്ണൂരിലെത്തിയത് സംബന്ധിച്ചുള്ള സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘‘പിണറായി വിജയന്റെ മരുമകൻ നിയന്ത്രിക്കുന്ന കേരള ടൂറിസമാണ് പാക്ക് ചാര വനിതയുടെ കണ്ണൂർ ട്രിപ്പ് സ്പോൺസർ ചെയ്തത്. ആരെയാണ് ജ്യോതി മൽഹോത്ര കണ്ടത്? എവിടേക്കാണു പോയത്? എന്തായിരുന്നു അജൻഡ? എന്തുകൊണ്ടാണ് പാക്ക് ചാരവനിതയ്ക്ക് കേരളം പരവതാനി വിരിച്ചത്. രാജ്യത്തിന് അകത്തും പുറത്തും ഭീഷണിയായവർക്കു സുരക്ഷിത സ്വർഗമായി കേരളത്തെ മാറ്റുകയാണ് പിണറായി വിജയൻ ചെയ്യുന്നത്’’ – ഇങ്ങനെയാണ് സുരേന്ദ്രൻ എക്സിൽ കുറിച്ചത്.

2023ല്‍ നടന്ന കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ആദ്യ യാത്രയ്ക്കിടെ പകര്‍ത്തിയ ജ്യോതിയുടെ വ്ളോഗിലാണ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരന്‍, അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, എന്നിവരുടെ സാന്നിധ്യമുള്ളത്. വി. മുരളീധരനോട് ജ്യോതി പ്രതികരണം തേടുന്നതും അദ്ദേഹം മറുപടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

അതേസമയം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയാത്രയ്ക്കുള്ള പാസുകള്‍ ബിജെപി ഓഫീസില്‍നിന്നാണ് നേരിട്ട് വിതരണം ചെയ്തതെന്ന് സന്ദീപ് വാര്യര്‍ പറയുന്നു. പാകിസ്താന്‍ ചാരയായ ജ്യോതി മല്‍ഹോത്രയ്ക്ക് ബിജെപി ഓഫീസില്‍നിന്ന് ആരാണ് വന്ദേഭാരത് പാസ് നല്‍കിയതെന്ന് അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് വെളിപ്പെടുത്തണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.

Back to top button