മഞ്ചേശ്വരത്ത് മത്സരിക്കാന്‍ സജീവമായി കെ സുരേന്ദ്രന്; എം എല്‍ അശ്വിനിക്കായി ഒരു വിഭാഗം രംഗത്ത്

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് സജീവമായതോടെ ജില്ലാ അദ്ധ്യക്ഷ എം എല്‍ അശ്വിനിയുടെ സാധ്യത മങ്ങി. മഞ്ചേശ്വരത്ത് തന്നെ പരിഗണിക്കണമെന്ന് അശ്വിനി നേരത്തെ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
അതേ സമയം കെ സുരേന്ദ്രന് മണ്ഡലത്തില്‍ സ്ഥാനാര്ത്ഥിയാവുന്നതില് ബിജെപിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. മൂന്ന് തവണ പരാജയപ്പെട്ട സുരേന്ദ്രനെ മാറ്റി അശ്വിനിയെ ഇത്തവണ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനെ തുടര്‍ന്ന് എതിര്‍പ്പുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സുരേന്ദ്രന് ആരംഭിച്ചിട്ടുണ്ട്. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. സുരേന്ദ്രന് പക്ഷത്തുള്ളവര്‍ മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 745 വോട്ടിനായിരുന്നു മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. 2011ൽ മഞ്ചേശ്വരത്ത് ആദ്യമായി മത്സരിക്കാനെത്തിയ സുരേന്ദ്രൻ 5828 വോട്ടിന് മുസ്ലിം ലീഗിലെ പി ബി അബ്ദുൾ റസാഖിനോട് പരാജയപ്പെടുകയായിരുന്നു. 33.08 വോട്ട് ശതമാനത്തോടെ 43989 വോട്ടുകളായിരുന്നു 2011ൽ സുരേന്ദ്രൻ ഇവിടെ നേടിയത്. 2016ൽ മഞ്ചേശ്വരം കണ്ട ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ അവസാന നിമിഷമായിരുന്നു കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. 89 വോട്ടിനായിരുന്നു സിറ്റിംഗ് എംഎൽഎ പി ബി അബ്ദുൾ റസാഖിനോട് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്.
2011നെക്കാൾ 12,792 വോട്ടുകൾ 2016ൽ കൂടുതലായി നേടാൻ സുരേന്ദ്രന് സാധിച്ചിരുന്നു. ആകെ പോൾ ചെയ്തവോട്ടിൻ്റെ 35.74 ശതമാനത്തോടെ 56781 വോട്ടുകളായിരുന്നു സുരേന്ദ്രൻ നേടിയത്. 2021ൽ വീണ്ടും മഞ്ചേശ്വരത്ത് മത്സരിക്കാനെത്തിയ സുരേന്ദ്രന് നേടിയ വോട്ടുകളുടെ ശതമാനത്തിലും എണ്ണത്തിലും വർദ്ധന വരുത്താൻ സാധിച്ചെങ്കിലും 745 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. 37.70 ശതമാനത്തോടെ 65013 വോട്ടുകളാണ് 2021ൽ മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ നേടിയത്.



