‘നിലമ്പൂരിൽ എൽഡിഎഫും യുഡിഎഫും വർഗീയ കാർഡിറക്കി പ്രചരണം നടത്തുന്നു’…

നിലമ്പൂരിൽ എൽഡിഎഫും യുഡിഎഫും വർഗീയ കാർഡിറക്കി പ്രചരണം നടത്തുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വർഗീയ, മത ഭീകര ശക്തികളുടെ പിന്തുണയിൽ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വന്തം കാര്യം വന്നപ്പോൾ മത ഭീകര സംഘടനയുടെ പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് സ്വീകരിച്ചുവെന്നും വെൽഫെയ‍ർ പാർട്ടിയുടെ പിന്തുണ പരാമർശിച്ച് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി

ഏറ്റവും വലിയ ഭീകര വാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ കേരളത്തിലെ രാഷ്ട്രീയ പാർട്ടിയുമായി ഇടതുപക്ഷം സഖ്യത്തിലാണെന്ന് പിഡിപിയുടെ എം സ്വരാജിനുള്ള പിന്തുണ ചൂണ്ടിക്കാട്ടി അദ്ദേഹം വിമർശിച്ചു. രണ്ട് മുന്നണികളും കലാപകാരികളെയും ഭീകരവാദികളെയും താലോലിക്കുകയാണ്. ഇത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന തീരുമാനമാണ്. സംസ്ഥാനത്ത് മതനിരപേക്ഷതയ്ക്ക് കളങ്കമാണ് ഈ നീക്കം. യുഡിഎഫും എൽഡിഎഫും അപകടകരമായ നീക്കത്തിൽ നിന്ന് പിന്മാറണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ജമാ അത്തെ ഇസ്ലാമിയും പിഡിപിയും പോലുള്ള എല്ലാ സംഘടനകൾക്കും ഒരേ ആശയമാണെന്ന് വിമർശിച്ച കെ സുരേന്ദ്രൻ, എങ്ങനെയാണ് എംവി ഗോവിന്ദൻ ഭീകര സംഘടനകൾക്ക് മാർക്കിടുന്നതെന്നും ചോദിച്ചു. നിലമ്പൂരിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഹിന്ദു മഹാ സഭയെ കുറിച്ചുള്ള ചോദ്യത്തിന് ഏതാണ് ഹിന്ദു മഹാ സഭയെന്നും അങ്ങനെ ഒരു സഭ ഉണ്ടോയെന്നുമായിരുന്നു സുരേന്ദ്രൻ്റെ മറുചോദ്യം.

Related Articles

Back to top button