കെ വി തോമസിന്റെ പണി ഖജനാവ് കാലിയാക്കല്‍; കോണ്‍ഗ്രസ് ആശാവര്‍ക്കര്‍ സമരത്തിനൊപ്പം…

K Sudhakaran Against K V Thomas over proposal to increase Travel allowance

കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസിന്റെ യാത്രാ ബത്ത ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. ആശ വര്‍ക്കര്‍മാരുടെ സമരത്തിനൊപ്പം കോണ്‍ഗ്രസ് ഉണ്ടാവുമെന്ന് പറഞ്ഞുകൊണ്ടാണ് യാത്രാ ബത്ത ഉയർത്താനുള്ള നിര്‍ദേശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്. ആശ വര്‍ക്കേഴ്‌സിന്റെ വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷമാക്കണം. കെ വി തോമസിന്റെ ഒരുമാസത്തെ ശമ്പളം മാത്രമാണിതെന്നും സുധാകരന്‍ പറഞ്ഞു.

‘ആശ വര്‍ക്കേഴ്‌സിന്റെ സമരത്തിനൊപ്പം കോണ്‍ഗ്രസ് ഉണ്ട്. മനക്കരുത്തോടെ സമരം മുന്നോട്ട് കൊണ്ടുപോകണം. ആശ വര്‍ക്കേഴ്‌സിന് വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷമാക്കണം. കെ വി തോമസിന്റെ ഒരു മാസത്തെ ശമ്പളം മാത്രമാണിത്’, കെ സുധാകരന്‍ പറഞ്ഞു.

കെ വി തോമസ് സിപിഐഎമ്മിന്റേയും ബിജെപിയുടേയും സഹപ്രവര്‍ത്തകന്‍ ആണ്. ഖജനാവ് കാലിയാക്കലാണ് കെ വി തോമസ് ചെയ്യുന്നത്. മറ്റൊരു ജോലിയും ഡല്‍ഹിയില്‍ ഇല്ലെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

കെ വി തോമസിന്റെ യാത്രാ ബത്ത പ്രതിവര്‍ഷം 11.31 ലക്ഷം ആക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശുപാര്‍ശ. അഞ്ച് ലക്ഷം രൂപയായിരുന്നു സംസ്ഥാന ബജറ്റില്‍ കെ വി തോമസിന് യാത്രാബത്തയായി അനുവദിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞവര്‍ഷം 6.31 ലക്ഷം രൂപ ചെലവായതിനാല്‍ അഞ്ച് ലക്ഷം പോരെന്നും 11.31 ലക്ഷം വേണമെന്നും ധനവകുപ്പിനോട് പൊതുഭരണവകുപ്പിന്റെ പ്രോട്ടോകോള്‍ വിഭാഗം ശുപാര്‍ശ ചെയ്യുകയായിരുന്നു. ഓണറേറിയത്തിന് പുറമെയാണ് യാത്രാ ബത്ത.

പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കുക എന്നീ കാര്യങ്ങള്‍ ഉന്നയിച്ചാണ് ആശ വര്‍ക്കര്‍മാരുടെ സമരം. നിലവില്‍ 7000 രൂപയാണ് ഓണറേറിയം.

Related Articles

Back to top button