മതത്തിന്റെയോ ചിഹ്നത്തിന്റെയോ മുന്നില്‍ കുനിഞ്ഞുനില്‍ക്കാന്‍ എല്‍ഡിഎഫ് മന്ത്രിമാരെ കിട്ടില്ല…

രാജ്ഭവനിലെ പ്രധാന ഹാളിലെ വേദിയില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി മന്ത്രി കെ രാജന്‍. അപകടകരമായ ദിശാ സൂചനയാണിതെന്ന് മന്ത്രി പ്രതികരിച്ചു. തികച്ചും ലജ്ജാകരമായ സംഭവമാണ് ഉണ്ടായത്. ഭരണഘടനാ കേന്ദ്രമായ രാജ്ഭവന്‍ ഇതിനുള്ള മാര്‍ഗമായി മാറരുതായിരുന്നുവെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

പരിസ്ഥിതി ദിനമായ ഇന്ന് രാജ്ഭവനില്‍ സ്ഥാപിച്ച ഭാരതാംബയുടെ ചിത്രത്തെത്തുടര്‍ന്നുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് കൃഷി വകുപ്പിന്റെ രാജ്ഭവനിലെ പരിസ്ഥിതിദിന പരിപാടി ഉപേക്ഷിച്ചതോടെയാണ് സംഭവം വിവാദമായത്. സെക്രട്ടറിയറ്റിലേക്കാണ് പരിപാടി മാറ്റിയത്. പരിപാടി മാറ്റിയ കൃഷി വകുപ്പ് തീരുമാനത്തെ മന്ത്രി കെ രാജന്‍ പിന്തുണച്ചു. ഏതെങ്കിലും മതത്തിന്റെയോ ചിഹ്നത്തിന്റെയോ മുന്നില്‍ കുനിഞ്ഞ് നില്‍ക്കാന്‍ എല്‍ഡിഎഫ് മന്ത്രിമാരെ കിട്ടില്ല. അതാണ് കൃഷിവകുപ്പ് നടപടിയിലൂടെ വ്യക്തമാക്കിയതെന്ന് കെ രാജന്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരം പരിപാടിയുടെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ രാജ്ഭവനിലെത്തിയപ്പോഴാണ് ഭാരതാംബയുടെ ചിത്രം ശ്രദ്ധയില്‍പ്പെട്ടത്. ആര്‍എസ്എസ് പതാക പിടിച്ച് നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രമാണ് സ്ഥാപിച്ചത്. ഉദ്യോഗസ്ഥര്‍ ഇക്കാര്യം മന്ത്രിയെ അറിയിച്ചതോടെ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. തുടര്‍ന്ന് ചിത്രം മാറ്റണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മാറ്റാനാവില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെ പരിപാടി രാജ്ഭവനില്‍ നടത്തേണ്ടതില്ലെന്ന് സര്‍ക്കാരും തീരുമാനിക്കുകയായിരുന്നു.

Related Articles

Back to top button