ഇതൊന്നും പൂരത്തെ ബാധിക്കില്ല…എഡിജിപിക്കെതിരായ മൊഴി പുറത്തുവിട്ടത് അജണ്ട തീരുമാനിച്ചവർ…

പൂരം കലക്കലിൽ എഡിജിപി അജിത്കുമാറിനെതിരെ നൽകിയ മൊഴി സ്ഥിരീകരിച്ച് മന്ത്രി കെ രാജൻ. മാധ്യമങ്ങൾക്ക് മുൻപാകെ താൻ പരസ്യമായി പറഞ്ഞ കാര്യങ്ങൾ മാത്രമാണ് മൊഴിയായി നൽകിയതെന്നും അവ ഇപ്പോൾ പുറത്തു വരേണ്ട കാര്യമില്ല എന്നും മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ ഒരു കാര്യം പോലും താൻ മൊഴിയിൽ പറഞ്ഞിട്ടില്ല എന്നും മന്ത്രി പറഞ്ഞു. രേഖാമൂലമാണ് താൻ മൊഴി കൊടുത്തത്. തന്റെ മൊഴി എന്താണെന്ന് അത് രേഖപ്പെടുത്തിയ ആൾക്ക് അറിയാം. അവ ഇപ്പോൾ പുറത്തുവിടുന്നത് അജണ്ട തീരുമാനിക്കുന്നവരുടെ കാര്യമാണ്. പൂരത്തെ ഈ വിവാദങ്ങൾ ബാധിക്കില്ല എന്നും അന്വേഷണം കൃത്യമാണ് എന്നും മന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ പൂരം കലക്കലില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വീഴ്ച സ്ഥിരീകരിക്കുന്നതായിരുന്നു മന്ത്രി കെ രാജന്റെ മൊഴി. പൂരം മുടങ്ങിയ സമയത്ത് പല തവണ ഫോണില്‍ വിളിച്ചിട്ടും എംആര്‍ അജിത് കുമാറിനെ കിട്ടിയില്ല. പ്രശ്‌ന സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇടപെട്ടില്ലെന്നും മൊഴി നല്‍കി. പൂരം നടത്തിപ്പിലെ വീഴ്ച അന്വേഷിക്കുന്ന ഡിജിപിയുടെ സംഘത്തിനാണ് മന്ത്രി മൊഴി നല്‍കിയത്.

ഔദ്യോഗിക നമ്പറിലും പേഴ്‌സണല്‍ നമ്പറിലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരിച്ചില്ലെന്നാണ് മന്ത്രി മൊഴി നല്‍കിയത്. പൂരം നടത്തിപ്പ് സുഗമമല്ലെന്ന് പിന്നീട് അറിയിച്ചിട്ടും പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തിയിട്ടില്ലെന്നും മന്ത്രി അന്വേഷണസംഘത്തോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അജിത് കുമാറിന്റെ മൊഴി അടുത്തയാഴ്ച അന്വേഷണ സംഘം രേഖപ്പെടുത്തും.

Related Articles

Back to top button