നവീൻ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല.. കളക്ടർ പരാതി നൽകിയിട്ടില്ല.. മൊഴി അവിശ്വസനീയം…
എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തില്‍ പഴയ നിലപാടില്‍ ഉറച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. നവീന്‍ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നൽകിയ റിപ്പോര്‍ട്ട് ആണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന് എതിരെ ഒരു പരാതിയും ഇല്ലെന്നും കളക്ടര്‍ പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറുടെ പുതിയ മൊഴി അവിശ്വസനീയമാണ്. രേഖകളില്‍ കൃത്യമായി എല്ലാം പറയുന്നുണ്ട്, അതാണ് സത്യം. അത് ഞാന്‍ ഒപ്പിട്ടതാണ്. നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കെ രാജന് പറഞ്ഞു.തെറ്റ് പറ്റിയതായി നവീന്‍ ബാബു പറഞ്ഞതായുള്ള കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി പുറത്ത് വന്നിരുന്നു. നവീന്‍ ബാബു പറഞ്ഞ കാര്യങ്ങള്‍ മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കളക്ടറുടെ മൊഴിയുണ്ടായിരുന്നു. യാത്രയയപ്പിനെക്കുറിച്ചും എഡിഎം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും മന്ത്രി കെ രാജനോട് പറഞ്ഞുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. പരാതി കിട്ടിയാല്‍ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായും കളക്ടര്‍ നല്കിയ മൊഴിയിലുണ്ട്.
മൊഴിയില്‍ കെ രാജനെ പ്രതിരോധത്തിലാക്കി കണ്ണൂര്‍ ജില്ലയിലെ സിപിഐ നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. കളക്ടറുടെ മൊഴിയെക്കുറിച്ച് പ്രതികരിക്കേണ്ടത് മന്ത്രിയാണെന്ന് സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാര്‍ പ്രതികരിച്ചിരുന്നു. മന്ത്രിയും ഉത്തരവാദിത്വപ്പെട്ടവരും മറുപടി പറയുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ മൊഴി അന്വേഷണ സംഘം എടുത്തില്ലല്ലോ ആ മൊഴിയും രേഖപ്പെടുത്തേണ്ടതല്ലേയെന്നായിരുന്നു സിപിഐ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം അഡ്വ. അജയകുമാറിന്റെ പ്രതികരണം.



