‘ഞങ്ങൾ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു കഴിഞ്ഞു’; ഇനി നടപടി സ്വീകരിക്കേണ്ടത് സർക്കാരും പൊലീസും

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇപ്പോൾ കോൺഗ്രസിൽ ഇല്ലെന്നും അതിനാൽ അതേപ്പറ്റി പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും കെ മുരളീധരൻ. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും തെറ്റു പറ്റി എന്നതുകൊണ്ടാണ് പാർട്ടി പുറത്താക്കിയത്. അതിനുശേഷം നടക്കുന്ന ഒരു കാര്യത്തിലും ഉത്തരവാദിത്തമില്ല. അഭിപ്രായം പറയേണ്ട കാര്യവുമില്ല. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് ഞങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. രാഹുലിനെ പുറത്താക്കിയത് സൂചിപ്പിച്ചുകൊണ്ട് കെ മുരളീധരൻ പറഞ്ഞു.
ഇനി ബാക്കി കാര്യങ്ങളിൽ കോൺഗ്രസിന് ഉത്തരവാദിത്തമില്ല. ഒതേനൻ ചാടാത്ത മതിലില്ല എന്ന് വടക്കൻ പാട്ടിൽ പറയുന്നപോലെ, അയാൾ എവിടെയൊക്കെ ചാടിയാൽ ഞങ്ങൾക്കെന്ത് ഉത്തരവാദിത്തം. ഞങ്ങൾ ചെയ്യേണ്ട കാര്യം ചെയ്തു. അദ്ദേഹത്തെ പുറത്താക്കി. ഞങ്ങളുടെ കൂട്ടത്തിൽ നിർത്താൻ കൊള്ളരുതാത്ത ആളാണെന്ന് കണ്ടതോടെയാണ് പാർട്ടി തീരുമാനമെടുത്തത്. ഇനി ഉചിതമായ നടപടി സർക്കാരും പൊലീസും സ്വീകരിക്കട്ടെ.
കോൺഗ്രസ് പാർട്ടി ഒരിക്കലും തെറ്റിനെ ന്യായീകരിക്കില്ല. തെറ്റു ചെയ്ത വ്യക്തിയെ ശിക്ഷിക്കും. അതാണ് പാർട്ടി നയം. അല്ലാതെ ഞങ്ങളുടെ ആളുകൾ തെറ്റു ചെയ്താൽ അതൊക്കെ ശരി, മറ്റുള്ളവർ ചെയ്താൽ തെറ്റ് എന്നൊന്നും പറയില്ല. സ്വർണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും കോൺഗ്രസ് പാർട്ടി ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ല. പാർട്ടി എടുത്ത നടപടി ശരിയാണെന്ന് പിന്നീട് നടന്ന സംഭവ വികാസങ്ങൾ തെളിയിക്കുന്നുണ്ട്. കോൺഗ്രസ് ജനങ്ങളെ സേവിക്കാനുള്ള പാർട്ടിയാണ്. മറ്റു കളരികൾക്ക് ഉപയോഗിക്കേണ്ട പ്രസ്ഥാനമല്ല.



