‘സോപ്പിട്ടോളൂ, പക്ഷെ ഒരുപാട് പതപ്പിക്കേണ്ട, ഭാവിയില്‍ അത് ദോഷം ചെയ്യും’..

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ അഭിനന്ദിച്ച ദിവ്യ എസ് അയ്യര്‍ ഐഎഎസിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായി വിജയന് പാദസേവ ചെയ്യുന്ന ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരിലൊരാളാണ് ദിവ്യ. സോപ്പിട്ടോളൂ. പക്ഷെ ഒരുപാട് പതപ്പിക്കേണ്ട, ഭാവിയില്‍ അത് ദോഷം ചെയ്യുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥിന്റെ ഭാര്യ കൂടിയായ ദിവ്യ എസ് അയ്യരുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ പ്രതികരിച്ച് കൂടുതല്‍ വിവാദമുണ്ടാക്കേണ്ടെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനിടെയാണ്, പരസ്യവിമര്‍ശനവുമായി കെ മുരളീധരന്‍ രംഗത്തെത്തിയത്. അതേസമയം ദിവ്യ എസ് അയ്യരുടെ പരാമര്‍ശത്തോട്, ‘നോ കമന്റ്‌സ്’ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്.

ദിവ്യ എസ് അയ്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിവാദമായ ഘട്ടത്തില്‍, ദിവ്യക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ഘടകം രംഗത്ത് വന്നിരുന്നു. ദിവ്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. എകെജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ദിവ്യ ഓര്‍ക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ അഭിപ്രായപ്പെട്ടിരുന്നു.

വിമർശനങ്ങളോട് ദിവ്യ എസ് അയ്യര്‍ പ്രതികരിച്ചിരുന്നു. താന്‍ പറഞ്ഞത് സ്വന്തം അനുഭവത്തില്‍ നിന്നുള്ള കാര്യമാണെന്നും ഒരാളെ കുറിച്ച് നല്ലത് പറയുന്നതിന് എന്തിനാണ് മടിക്കുന്നത് എന്നുമായിരുന്നു ദിവ്യ എസ് അയ്യരുടെ ചോദ്യം. രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ അഭിനന്ദിച്ച്, കര്‍ണന് പോലും അസൂയ തോന്നും വിധം കെകെആര്‍ കവചം, കഠിനാധ്വാനത്തിന്റെ മഷിക്കൂട്, വിശ്വസ്തതയുടെ പാഠപുസ്തകം എന്നിങ്ങനെയായിരുന്നു കെകെ രാഗേഷും മുഖ്യമന്ത്രിയും ഒപ്പം നില്‍ക്കുന്ന ചിത്രം അടക്കം പോസ്റ്റ് ചെയ്ത് ദിവ്യ എസ് അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

Related Articles

Back to top button