‘അവരുടെ തലയിൽ നെല്ലിക്കാത്തളം വെക്കേണ്ട സമയമായി’

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സോണിയാഗാന്ധിയെ ബന്ധപ്പെടുത്തി ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍, അവരുടെ തലയില്‍ നെല്ലിക്കാത്തളം വെയ്‌ക്കേണ്ട സമയമായി എന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സോണിയയ്ക്ക് ഇറ്റലിയിലെ പുരാവസ്തു വ്യാപാരികളുമായി ബന്ധമുണ്ടെന്ന ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകും. ഇപ്പോള്‍ നടക്കുന്നത് പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ്. ഇതേരീതിയിലാണ് അന്വേഷണം മുന്നോട്ടു പോകുന്നതെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കകം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉള്‍പ്പെടെ ജാമ്യം കിട്ടുന്ന അവസ്ഥ ഉണ്ടാകും. അതിനെതിരെ ശക്തമായ സമരം നടത്തും. ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം വന്നോട്ടെ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. എസ്‌ഐടിയുടെ അന്വേഷണം ഇന്നലെ വരെ വന്ദേഭാരത് ട്രെയിനിന്റെ സ്പീഡിലായിരുന്നെങ്കില്‍, ഇപ്പോള്‍ പാസഞ്ചര്‍ ട്രെയിനിന്റെ അവസ്ഥയിലേക്ക് പോയിരിക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞു. യുഡിഎഫില്‍ മുസ്ലിം ലീഗ് എപ്പോഴും ന്യായമായ ആവശ്യങ്ങള്‍ മാത്രം ഉന്നയിക്കുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസും ലീഗുമായിട്ട് സീറ്റ് തര്‍ക്കം ഉണ്ടാകില്ല. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചുകൊള്ളാമെന്നും കെ മുരളീധരന്‍ പറഞ്ഞു.



