‘സമുദായത്തിന് വേണ്ടി വാദിക്കുന്നത് വർഗീയതയാണെങ്കിൽ ഞാൻ വർഗീയവാദിയാണ്; അയ്യങ്കാളിയും ഗുരുവും വർഗീയവാദി’..
സമുദായത്തിന് വേണ്ടി വാദിക്കുന്നത് വർഗീയതയാണെങ്കിൽ താൻ വർഗീയവാദിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. ശ്രീനാരയണ ഗുരുവും അയ്യങ്കാളിയും പാർലമെന്റിൽ പ്രസംഗിച്ച രാഹുൽ ഗാന്ധിയും വർഗീയവാദിയാണ്. വെള്ളാപ്പള്ളി നടേശൻ പറഞ്ഞാൽ ഈ തിളപ്പില്ല. വെള്ളാപ്പള്ളി ഈഴവ സമുദായത്തിന് വേണ്ടി വാദിക്കുമ്പോൾ സന്തോഷം. വെള്ളാപ്പള്ളി മറ്റ് സമുദായങ്ങളെ ആക്ഷേപിച്ചാൽ നവോത്ഥാന നായകൻ. ഇതെന്തൊരു തമാശയാണെന്നും കെ എം ഷാജി ചോദിച്ചു.
സമദായത്തിന് വേണ്ടി വാദിക്കുന്നത് അഖണ്ഡഭാരത്തിന്റെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണോ എന്നും കെ എം ഷാജി ചോദിച്ചു. ‘നാടിനുംനാട്ടുകാർക്കും വേണ്ടി വാദിക്കുന്നത് എങ്ങനെയാണ് വർഗീയവാദമാകുന്നത്?. ലീഗുകാരനായ ഞാൻ സമുദായത്തിന്റെ അവകാശങ്ങൾ തിരിച്ചുപിടിച്ച് കൊടുക്കും എന്ന് പറയുന്നതാണോ പ്രശ്‌നം? ഇത് പറയാൻ അല്ലെങ്കിൽ ഞാൻ എന്തിനാണ് ലീഗുകാരനായത്? കോൺഗ്രസുകാരൻ ആയാൽ പോരേ?. സിപിഐഎം ആയാൽ പോരേ?. ഞങ്ങൾ സാമുദായിക പാർട്ടിയാണ്. സമുദായത്തിന് വേണ്ടി വാദിക്കാൻ അല്ലെങ്കിൽ ഈ പാർട്ടിയിൽ നിൽക്കേണ്ട കാര്യമില്ല. ഞാൻ സമുദായത്തിന് വേണ്ടി വാദിച്ചാൽ വർഗീയവാദി. വെള്ളാപ്പള്ളി മറ്റ് സമുദായങ്ങളെ ആക്ഷേപിച്ചാൽ നവോത്ഥാന നായകൻ. ഇതെന്തൊരു തമാശയാണ്. വെള്ളാപ്പള്ളി സമുദായത്തിന് വേണ്ടി വാദിക്കുകയല്ല. മുസ്‌ലിങ്ങളെ ആക്ഷേപിക്കുകയാണ്. പരിഹസിക്കുകയാണ്. ചീത്തവിളിക്കുകയാണ്. മറ്റ് സമുദായങ്ങളെ പരിഹസിക്കുന്ന, ചീത്തവിളിക്കുന്ന വെള്ളാപ്പള്ളി നവോത്ഥാന നായകൻ. സ്വന്തം സമുദായത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്ന ഞാൻ വർഗീയവാദി’, കെ എം ഷാജി പറഞ്ഞു. യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്‌ലിം സമുദായത്തിന് വേണ്ടിയാണെന്ന് കെ എം ഷാജി പറഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കെഎംസിസി ദുബായ് ഘടകം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെ എം ഷാജിയുടെ പരാമർശം. ഇതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു കെ എം ഷാജിയുടെ പ്രതികരണം.
എംഎൽഎ മാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടുകയല്ല, സമുദായത്തിന് സ്‌കൂളുകളും കോളേജുകളും വാങ്ങിയെടുക്കലാകണം ലക്ഷ്യമെന്ന് കെ എം ഷാജി പറഞ്ഞിരുന്നു. നഷ്ടപ്പെട്ട ഒമ്പതര വർഷത്തിന്റെ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കും. ഒൻപതര വർഷത്തിനിടയിൽ എത്ര എയ്ഡഡ് അൺ എയ്ഡഡ് എത്ര കോഴ്സുകൾ എത്ര ബാച്ചുകൾ മുസ്‌ലിം മാനേജ്മെന്റിന് ലഭിച്ചെന്ന് ഷാജി ചോദിച്ചിരുന്നു. ഭരണം വേണം, പക്ഷേ ഭരിക്കുന്നത് എംഎൽഎമാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടാൻവേണ്ടി മാത്രമായിരിക്കില്ല. നഷ്ടപ്പെട്ടുപോയ ഒമ്പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങൾ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനകണമെന്നും കെ എം ഷാജി പറഞ്ഞിരുന്നു.