ഗൗരവ് കുമാറിനെതിരെ മാനനഷ്ടക്കേസുമായി കെ.സി. വേണുഗോപാൽ… ‘ലക്ഷ്യം രാഷ്ട്രീയ ഗൂഢാലോചന’

ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, തന്റെ പ്രതിച്ഛായ തകർക്കാനും യുഡിഎഫിന്റെ വിജയസാധ്യതകളെ അട്ടിമറിക്കാനുമുള്ള ആസൂത്രിത നീക്കമാണ് ഈ ആരോപണങ്ങൾക്ക് പിന്നിലെന്ന് പരാതിയിൽ പറയുന്നു.
2024-ൽ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെന്ന് പറയപ്പെടുന്ന പരാതി രണ്ടു വർഷത്തിന് ശേഷം, 2026-ൽ കേരള തിരഞ്ഞെടുപ്പ് വേളയിൽ മാത്രം ഉന്നയിക്കപ്പെട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തിലൂടെയും കൈരളി ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രതി വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 23-ന് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
ദീർഘകാലത്തെ പൊതുപ്രവർത്തനത്തിലൂടെ പടുത്തുയർത്തിയ തന്റെ സത്കീർത്തി നശിപ്പിക്കുകയാണ് പരാതിക്കാരന്റെ ലക്ഷ്യമെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
നേരത്തെ അയച്ച വക്കീൽ നോട്ടീസിന് മറുപടി നൽകാനോ ആരോപണം പിൻവലിക്കാനോ ഗൗരവ് കുമാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം കോടതിയെ സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്ന ഘട്ടത്തിൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



