സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു..ചുമതല ഏൽക്കുന്നത്…
ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചതായി കേന്ദ്ര സർക്കാർ. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിക്കും. പിന്നാലെ നവംബർ 11നു സുപ്രീം കോടതിയുടെ 51ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേൽക്കും.രാഷ്ട്രപതി ദ്രൗപതി മുർമു ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി അർജുൻ റാം മേഘ്വാൾ അറിയിച്ചു.
അടുത്ത വർഷം മെയ് 13നാണ് സഞ്ജീവ് ഖന്ന വിരമിക്കുക. ചീഫ് ജസ്റ്റിസ് പദവിയിൽ അദ്ദേഹം ആറ് മാസമുണ്ടാകും.പിൻഗാമിയായി അടുത്ത ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പേര് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേന്ദ്ര സർക്കാരിന് നേരത്തെ ശുപാർശ ചെയ്തിരുന്നു. നിലവിൽ സുപ്രീം കോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജിയാണ് സഞ്ജീവ് ഖന്ന.




