നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ചോര്‍ന്നു?; ഒരാഴ്ച മുന്‍പേ വിവരങ്ങള്‍ പുറത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിലെ സുപ്രധാന വിവരങ്ങള്‍ വിധി പ്രസ്താവനത്തിനു മുന്‍പു തന്നെ ചോര്‍ന്നതായി സംശയം. വിധിന്യായത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഊമക്കത്ത് വിധി പ്രസ്താവിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ലഭിച്ചതായി കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍ സ്ഥിരീകരിച്ചു. സെന്‍സിറ്റിവ് ആവ കേസില്‍ നീതിന്യായ നടപടികളുടെ രഹസ്യ സ്വഭാവം ലംഘിക്കപ്പെട്ടെന്നു സംശയം ഉയര്‍ന്നതോടെ അസോസിയേഷന്‍ കത്ത് ചീഫ് ജസ്റ്റിസിനു കൈമാറി.
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ഡിസംബര്‍ എട്ടിനാണ് വിധി വന്നത്. അതിനുമുന്‍പേ ഈ കേസ്സിന്റെ വിധി പ്രസ്താവത്തെ പറ്റി ‘ഒരു പൗരന്‍ ‘എഴുതിയ കത്തില്‍ ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്, ഒമ്പതാം പ്രതി സനല്‍കുമാര്‍ എന്നിവരെ ഒഴിവാക്കുമെന്നും, ബാക്കിയുള്ള ആറ് പ്രതികള്‍ക്കെതിരെ മാത്രമേ ശിക്ഷ ഉണ്ടാകുകയുള്ളൂ എന്നും അവകാശപ്പെട്ടിരുന്നു.



