ഗ്രീഷ്മ അടക്കം എട്ട് മാസത്തിനിടെ നാല് കുറ്റവാളികൾക്ക് വധശിക്ഷ.. ജഡ്ജി എ.എം. ബഷീറിന് സ്ഥലംമാറ്റം… എത്തുന്നത് ആലപ്പുഴ…..
തുടരെ വധശിക്ഷ വിധിച്ച ജഡ്ജി എ.എം. ബഷീറിന് സ്ഥലംമാറ്റം. പാറശ്ശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ അടക്കം എട്ട് മാസത്തിനിടെ നാല് കുറ്റവാളികൾക്കാണ് വധശിക്ഷ വിധിച്ചത്. ആലപ്പുഴ എം.എ.സി.ടി (മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ) കോടതിയിലേക്കാണ് മാറ്റം. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് ജഡ്ജിയായിരിക്കെ രണ്ട് കൊലക്കേസിലായി നാലുപേരെ ബഷീര്‍ വധശിക്ഷക്ക് വിധിച്ചിരുന്നു. സാധാരണ സ്ഥലംമാറ്റം എന്നാണ് വിശദീകരണം.
2024 മേയിൽ വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലാണ് എ.എം. ബഷീർ ആദ്യം വധശിക്ഷ വിധിച്ചത്. സ്ത്രീയും മകനുമടക്കം മൂന്ന് പേരെയാണ് ശിക്ഷിച്ചത്. ഗ്രീഷ്മക്ക് കൂടി തൂക്കുകയർ വിധിച്ചതോടെ വധശിക്ഷ കാത്ത് കേരളത്തിലെ ജയിലിൽ കഴിയുന്ന രണ്ട് സ്ത്രീകൾക്കും ശിക്ഷ വിധിച്ചത് ഒരേ ന്യായാധിപനെന്ന പ്രത്യേകതയുമായി. ന്യായാധിപൻ എന്നതിനപ്പുറം സാഹിത്യകാരനെന്ന നിലയിലും പ്രശസ്തനാണ് എ.എം. ബഷീർ.