കരൂര്‍ ദുരന്തം.. മാധ്യമപ്രവർത്തകൻ ഫെലിക്സ് ജെറാൾഡിന് ജാമ്യം..

കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ഓൺലൈൻ മാധ്യമപ്രവർത്തകൻ ഫെലിക്സ് ജെറാൾഡിന് ജാമ്യം. ചെന്നൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് ഫെലിക്സിന് ഉപാധികളോടെ ജാമ്യം നൽകിയത്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട വീഡിയോയുടെ പേരിൽ ആയിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ദുരന്തവുമായി ബന്ധപെട്ട് ജാഗ്രതയോടെ പ്രതികരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. യൂട്യൂബ് വീഡിയോയുടെ പേരിലാണ് ചെന്നൈ പൊലീസ് ഫെലിക്സ് ജെറാൾഡിനെ അറസ്റ്റ് ചെയ്‌തത്. മുന്‍മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിയുടെ ഇടപെടൽ സംബന്ധിച്ച വീഡിയോയ്ക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. റെഡ്പിക്സ് യൂട്യൂബ് എന്ന ചാനൽ എഡിറ്റർ ആണ് ഫെലിക്സ് ജെറാൾഡ്. സ്റ്റാലിൻ സർക്കാരിന്റെ കടുത്ത വിമർശകൻ കൂടിയാണ് ഇയാൾ.

സെന്തില്‍ ബാലാജിയാണ് അപകടത്തിന് കാരണം എന്ന് ടിവികെ ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളെ അവഗണിക്കുകയാണ് സെന്തിൽ ബാലാജി. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ അദ്ദേഹം സന്ദർശിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം രൂപ കൈമാറി. ഇന്നലെ രാത്രി ആണ് ബാലാജി വീടുകളിൽ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ അറസ്റ്റിലായ ടിവികെ കരൂർ വെസ്റ്റ് സെക്രട്ടറി മതിയഴകൻ, പൗൻ രാജ് എന്നിവരെ കസ്‌റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. തെളിവെടുപ്പ് നടത്തലും തുടർ നടപടികളും ബാക്കിയാണ്. 

പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ടിവികെ സംസ്ഥാന നേതാക്കളായ ബുസി ആനന്ദ്, നിർമൽ കുമാർ എന്നിവർ മുൻ‌കൂർ ജാമ്യത്തിനു ശ്രമിച്ചതിനാൽ കോടതി തീരുമാനം വരെ പൊലീസ് കാക്കുമോ എന്നതും ശ്രദ്ധേയമാണ്. താമസിയാതെ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട്‌ നൽകും. തെളിവെടുപ്പു ഇതിനോടകം ജസ്റ്റിസ് അരുണ ജഗദീശൻ പൂർത്തിയാക്കിഎന്നാണ് വിവരം. ആൾക്കൂട്ട ദുരന്തത്തിന്റെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെങ്കിൽ സുപ്രീംകോടതി ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാണ് ഇന്നലെ കരൂരിൽ എത്തിയ ബിജെപി പ്രതിനിധി സംഘം ആവശ്യപ്പെട്ടത്.

Related Articles

Back to top button