‘എന്റെ രക്തത്തിനായി ദാഹിക്കുന്നവരുണ്ട്, താങ്ങാനാകുന്നില്ല’.. മരിക്കും മുൻപുള്ള കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ പുറത്ത്…

വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്ത് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.പെരിക്കല്ലൂരില്‍ തോട്ടയും മദ്യവും പിടിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ചത് തെറ്റായ വിവരമാണെന്ന് ജോസ് നെല്ലേടത്ത് പറയുന്ന വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ താന്‍ അഴിമതിക്കാരനെന്ന തരത്തില്‍ പ്രചാരണം നടന്നതായും തന്നെയും തന്റെ കുടുംബത്തേയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും മരിക്കുന്നതിന് തൊട്ടുമുന്‍പായി ഷൂട്ട് ചെയ്ത ഈ വിഡിയോയില്‍ ജോസ് നെല്ലേടത്ത് പറയുണ്ട്.

പെരിക്കല്ലൂരിലെ കള്ളക്കേസ് വിവാദവും അതില്‍ തനിക്ക് സംഭവിച്ച പിഴവും പറഞ്ഞുകൊണ്ടാണ് ജോസ് വിഡിയോ ആരംഭിക്കുന്നത്. തനിക്ക് ലഭിച്ചത് തെറ്റായ വിവരമാണെന്ന് അറിയാതെ പൊലീസിന് അത് കൈമാറി. പ്രാഥമിക അന്വേഷണം നടത്തേണ്ടത് പൊലീസിന്റെ ചുമതലയാണ്. മുന്‍പും ലഹരി മാഫിയയെക്കുറിച്ച് ഉള്‍പ്പെടെ താന്‍ ശരിയായ വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇത്തവണ മാത്രം കൈമാറിയ വിവരം തെറ്റായിപ്പോയി. ശേഷം തനിക്കെതിരെ സോഷ്യല്‍ മീഡയയില്‍ വ്യാപകമായ ആക്രമണമുണ്ടായെന്നും ജോസ് പറയുന്നു.

തന്റെ മക്കളുടെ ഭാവി പോലും നശിപ്പിക്കുന്ന വിധത്തിലാണ് പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതെന്ന് ജോസ് വിമര്‍ശിച്ചു. അനര്‍ഹമായി നാളിതുവരെ യാതൊന്നും കൈപ്പറ്റാതെ പൊതുപ്രവര്‍ത്തനം നടത്തുന്നയാളാണ് താന്‍. 50 ലക്ഷത്തോളം രൂപ ബാധ്യത തനിക്കുണ്ട്. എന്നിട്ടും താന്‍ ക്വാറിക്കാരില്‍ നിന്ന് പണം വാങ്ങിയെന്ന് പ്രചാരണം നടക്കുന്നു. വ്യക്തിയെന്ന നിലയില്‍ താങ്ങാനാകുന്ന കാര്യങ്ങളല്ല ഇതൊന്നും. പരിഷ്‌കൃത സമൂഹത്തില്‍ നിന്ന് ലഭിക്കേണ്ടുന്ന പിന്തുണ തനിക്ക് ലഭിക്കുന്നില്ല. തന്നോട് അസൂയയുള്ള ചിലര്‍ തന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നു. തന്നെയും കുടുംബത്തേയും തകര്‍ക്കാന്‍ നോക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ജോസ് നെല്ലേടത്ത് പറയുന്നതായി വിഡിയോയിലുണ്ട്.

Related Articles

Back to top button