ജിതിൻ്റെ മരണം: പ്രതിയായ മകൻ സിഐടിയു പ്രവർത്തകനെന്ന് അമ്മ…’കൊലപാതകത്തിൻ്റെ കാരണം രാഷ്ട്രീയമല്ല’..

പെരുനാട് സിഐടിയു പ്രവർത്തകൻ ജിതിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പ്രതിയായ നിഖിലേഷിൻ്റെ അമ്മ മിനി. പ്രതികളിൽ ഒരാളായ നിഖിലേഷ് സിഐടിയു പ്രവർത്തകനാണെന്ന് മിനി പറഞ്ഞു. ടിപ്പർ ലോറി ഉടമയായ മകൻ ബിസിനസ് ആവശ്യത്തിനായാണ് സിഐടിയുവിൽ ചേർന്നത്. കൊല്ലപ്പെട്ട ജിതിൻ മുൻപ് വീട്ടിൽ  വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണ്. കൊലപാതകത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നും മിനി പറഞ്ഞു.

അതേസമയം പ്രതികളിൽ രണ്ടുപേർ മുൻ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന വിവരം പുറത്തുവന്നു.  ഏഴാം പ്രതി മിഥുൻ ഡിവൈഎഫ്ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. മുൻ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ ഏതാനും മാസം മുൻപ് ഡിവൈഎഫ്ഐയിൽ ചേർന്നതാണെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പറയുന്നു. പ്രതികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരെന്നതാണ് സിപിഎം നേതാക്കളുടെ നിലപാട്

ജിതിൻ്റെ കൊലപാതകത്തിൽ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണ് പ്രതികൾ. അക്രമണം നടന്ന് ഒരു ദിവസം തികയും മുമ്പ് എട്ട് പ്രതികളെയും പിടികൂടി. 3 പേർ ജില്ലയിൽ തന്നെയുണ്ടായിരുന്നു.  5 പ്രതികളെ ആലപ്പുഴയിൽ നിന്ന്  പിടികൂടി. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ  ജിതിൻ കൊല്ലപ്പെട്ടത്. 

Back to top button