ഷാനറ്റ് ഏറെ ആഗ്രഹിച്ച സമ്മാനം…അവന്റെ നെഞ്ചോട് ചേര്‍ത്ത് അമ്മ.. ഷാനറ്റിന് യാത്രാമൊഴിയേകി ജിനു…
പ്ലസ് ടുവിന് മികച്ച മാര്‍ക്ക് വാങ്ങിയാല്‍ ഒരു സ്മാര്‍ട്ട് വാച്ചായിരുന്നു അമ്മ ജിനു മകന്‍ ഷാനറ്റിന് വാഗ്ദാനം ചെയ്തത്. പറഞ്ഞതുപോലെ ഷാനറ്റ് വാക്ക് പാലിച്ചു. പ്ലസ് ടുവിന് മികച്ച മാർക്ക് വാങ്ങി. മകന് നല്‍കാന്‍ ജിനു വാച്ച് കരുതുകയും ചെയ്തു. എന്നാല്‍ ആ സമ്മാനം അവനിലേക്ക് എത്തും മുന്‍പ് ഷാനറ്റ് വിടപറഞ്ഞു. ഇടുക്കി അണക്കരയില്‍ ഇക്കഴിഞ്ഞ പതിനേഴിന് നടന്ന വാഹനാപകടത്തിലായിരുന്നു ഷാനറ്റ് മരിച്ചത്. കുവൈറ്റിലായിരുന്ന അമ്മ ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നാട്ടിലെത്തിയത്. ഷാനറ്റ് ഏറെ ആഗ്രഹിച്ച സ്മാര്‍ട്ട് വാച്ച് അവന്റെ ജീവനറ്റ ശരീരത്തിനൊപ്പം വെച്ച് ജിനു വിതുമ്പി. ഇതു കണ്ട് നിന്നവരുടേയും കണ്ണുകളില്‍ ഈറനണിയിച്ചു. ഷാനറ്റിന്റെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച ഒലിവുമല സെന്റ് ജോണ്‍സ് യാക്കോബായ പള്ളി സെമിത്തേരിയില്‍ നടന്നു.
അണക്കരയിലെ ചെല്ലാര്‍ക്കോവിലില്‍വെച്ചായിരുന്നു ഷാനറ്റിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ഷാനറ്റും സുഹൃത്ത് അലന്‍ കെ ഷിബുവും സഞ്ചരിച്ച ബൈക്ക് ജീപ്പിലിടിച്ചായിരുന്നു അപകടം. ഉടന്‍ തന്നെ ഇരുവരേയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അലന്റെ സംസ്‌കാരം തൊട്ടടുത്ത ദിവസം തന്നെ നടന്നിരുന്നു. എന്നാല്‍ കുവൈറ്റിലുള്ള അമ്മ ജിനുവിന്റെ യാത്രയില്‍ തടസ്സം നേരിട്ടതോടെ ഷാനറ്റിന്റെ സംസ്‌കാരം നീളുകയായിരുന്നു
ഉപജീവനം മാര്‍ഗം തേടി രണ്ടര മാസം മുന്‍പായിരുന്നു ജീനു കുവൈറ്റില്‍ എത്തിയത്. കുട്ടിയെ നോക്കുന്നതടക്കമുള്ള ജോലിയായിരുന്നു ജിനു ചെയ്തിരുന്നത്. ജോലി ഭാരവും ആരോഗ്യപ്രശ്‌നങ്ങളും കാരണം ജിനു ഏറെ ബുദ്ധിമുട്ടി. മാത്രവുമല്ല വാഗ്ദാനം ചെയ്ത ശമ്പളം കിട്ടിയതുമില്ല. ഏജന്‍സിയെ വിവരം അറിയിച്ചപ്പോള്‍ വിഷയത്തില്‍ ഇടപെടുന്നതിന് പകരം ജിനുവിനെ തടവിലാക്കുകയാണ് അവര്‍ ചെയ്തത്. സുമനസ്സുകളുടെ സഹായത്തോടെ അവിടെനിന്ന് രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ എത്തി. കോടതി നടപടികള്‍ക്ക് ശേഷം കുവൈറ്റിലെ തടങ്കലിലായിരുന്നു. താത്ക്കാലിക പാസ്‌പോര്‍ട്ട് ലഭിച്ചെങ്കിലും കൊവിഡും യുദ്ധ സാഹചര്യവും യാത്രയ്ക്ക് തടസ്സമായി. തിങ്കളാഴ്ച നാട്ടിലെത്തിയപ്പോളാണ് മകന്‍ മരണപ്പെട്ടു എന്നുള്ള വിവരം ജിനു അറിയുന്നത്