ജാർഖണ്ഡിൽ സോറൻ തന്നെ മുഖ്യമന്ത്രി… സഖ്യകക്ഷികളുടെ വകുപ്പുകളിൽ ഇന്ന് ധാരണയാകും…
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയതിന് പിന്നാലെ ഇന്ത്യ സഖ്യത്തിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം. ജെഎംഎം നേതാവ് ഹേമന്ത് സോറൻ തന്നെയാകും ജാർഖണ്ഡിൽ മുഖ്യമന്ത്രിയാകുക. സഖ്യകക്ഷികളുടെ വകുപ്പ് സംബന്ധിച്ച ചർച്ചകൾ ഇന്ന് റാഞ്ചിയിൽ നടക്കും.
ജാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പിൽ 56 സീറ്റുകളാണ് ജെ എം എം കോൺഗ്രസ് ഉൾപ്പെടെ ഇന്ത്യ സഖ്യം നേടിയത്. മുന്നണിയിലെ പാർട്ടികളുടെ പ്രമുഖരായ നേതാക്കളെല്ലാം ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചു. കോൺഗ്രസിന് 16 സീറ്റുകൾ ആണ് തെരഞ്ഞെടുപ്പിൽ നേടാൻ ആയത്.
എല്ലാ പാർട്ടികളുടെയും പിന്തുണ നേടി ഉടനടി ഗവർണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാനാണ് ഇന്ത്യ സഖ്യത്തിൻറെ തീരുമാനം. മന്ത്രിസഭ രൂപീകരണത്തിന് മുൻപ് ഹേമന്ത് സോറൻ ഡൽഹിയിലെത്തി ഇന്ത്യ സഖ്യ നേതാക്കളെ കാണുമെന്നാണ് വിവരം.