ജയലളിതയുടെ സ്വത്ത് തമിഴ്നാടിന്.. കൈമാറിയതിൽ സ്വർണ വാളും കിരീടങ്ങളും പട്ടുസാരികളും…. ഹൈലൈറ്റ് വിലയേറിയ രത്നം പതിച്ച തങ്ക….
Jayalalithaa's Seized Assets Given To Tamil Nadu
അന്തരിച്ച മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായിരുന്ന ജെ ജയലളിതയുടെ സ്വർണാഭരണങ്ങൾ കർണാടക പ്രത്യേക കോടതി തമിഴ്‌നാട് സർക്കാരിന് കൈമാറി. രണ്ട് സ്വർണ കിരീടങ്ങളും ഒരു സ്വർണ വാളും ഉൾപ്പടെ ഏകദേശം 27 കിലോ സ്വർണാഭരണങ്ങളാണ് കൈമാറിയത്.ഇതിന് പുറമെ ആയിരത്തിലേറെ കിലോ വെള്ളി, ആയിരത്തി അഞ്ഞൂറ് ഏക്കറിലേറെ ഭൂമി 11344 സാരികളും ഇതിൽ ഉൾപ്പെടുന്നു.മുപ്പത് വർഷം മുൻപ് ജൂലൈ 9, 1995 ന് തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കേ തന്‍റെ ദത്ത് പുത്രനായിരുന്ന വി എൻ സുധാകരന്‍റെ വിവാഹത്തിന് മുന്നോടിയായി നടന്ന പൂജയ്ക്ക് ജെ ജയലളിത അണിഞ്ഞ ഒന്നരക്കിലോ സ്വർണത്തിന്‍റെ വജ്രക്കല്ലുകൾ പൊതിഞ്ഞ അരപ്പട്ടയടക്കം സ്വർണത്തിൽ തീർത്ത 481 വസ്തുക്കൾ, ആകെ 27 കിലോ സ്വർണം. ഇപ്പോഴത്തെ വിപണിവില അനുസരിച്ച് സ്വർണത്തിന് മാത്രം വരും ഇരുപത്തിയൊന്നരക്കോടി രൂപ. ചെന്നൈയിലും മറ്റിടങ്ങളിലുമായി 1526 ഏക്കർ ഭൂമിയുടെ സ്വത്ത് രേഖകൾ. പത്തരക്കോടി രൂപയുടെ സ്ഥിരനിക്ഷേപങ്ങൾ. രണ്ട് ലക്ഷത്തോളം കറൻസി നോട്ടുകൾ. 21 വർഷമായി കർണാടക സർക്കാരിന്‍റെ ട്രഷറി മുറിക്കുള്ളിലിരുന്ന ഈ വമ്പൻ സ്വത്ത് ശേഖരം ഒടുവിൽ തമിഴ്നാട് സർക്കാരിന് സ്വന്തമായിരിക്കുകയാണ്.

വിലയേറിയ രത്നം പതിച്ച തങ്കക്കിരീടമാണ് പുരട്ച്ചി തലൈവിയുടെ സ്വര്‍ണ ശേഖരത്തിലെ സവിശേഷമായത്. സ്വര്‍ണത്തില്‍ തീര്‍ത്ത വാളും മയില്‍രൂപത്തില്‍ തീര്‍ത്ത അരപ്പട്ടയും തിരികെ നല്‍കിയവയിലുണ്ട്. അമ്മകുഞ്ഞിനെയെടുക്കുന്നത് പോലെ കുഞ്ഞിനെ കൈയിലേന്തി നില്‍ക്കുന്ന ജയലളിതയുടെ വാത്സല്യമൂറുന്ന രൂപവും സ്വര്‍ണത്തില്‍ തീര്‍ത്തതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ 11344 സാരികളും, 250 ഷാൾ, 750 ജോടി ചെരിപ്പും കൈമാറിയ കൂട്ടത്തിലുണ്ട്.

2016-ൽ ജയലളിത അന്തരിച്ചതോടെ ഈ സ്വത്ത് വകകളുടെ ഉടമസ്ഥാവകാശം ആർക്കെന്ന തർക്കം ഉടലെടുത്തു. ഈ സ്വത്തുക്കൾക്കുള്ള അവകാശം തനിക്കെന്ന് കാട്ടി ജയലളിതയുടെ സഹോദരൻ ജയരാമന്‍റെ മക്കളായ ദീപയും ദീപക്കും കർണാടക ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സുപ്രീംകോടതി കേസിൽ ജയലളിത അടക്കമുള്ളവർ കുറ്റക്കാരെന്ന് വിധിച്ചതാണെന്ന് കാട്ടി ഹൈക്കോടതി ഹർജി തള്ളി. ഇതോടെയാണ് സ്വത്ത് വകകൾ തമിഴ്നാടിന് കൈമാറാൻ വിചാരണ നടന്ന സിബിഐ പ്രത്യേക കോടതി വിധിച്ചത്. എല്ലാ വസ്തുക്കളും രേഖകളും കൈമാറിയ ശേഷം, ‘തമിഴ്നാട് സർക്കാരിന് ഈ സ്വത്ത് വകകൾ ഒന്നുകിൽ റിസർവ് ബാങ്കിനയക്കാം, അല്ലെങ്കിൽ ലേലത്തിന് വെച്ച് ആ തുക സർക്കാർ ഖജനാവിലേക്ക് എടുക്കാം’ എന്നായിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കിരൺ എസ് ജാവാലി പറഞ്ഞത്.

നിലവിൽ പ്രചാരത്തിലില്ലാത്ത കറൻസിയായതിനാൽ പിടിച്ചെടുത്ത രണ്ടരലക്ഷം നോട്ടുകൾ റിസർവ് ബാങ്കിന് കൈമാറിക്കഴിഞ്ഞു. കണ്ണായ സ്ഥലങ്ങളിൽ, ആറ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള, ആയിരത്തിയഞ്ഞൂറിലധികം ഏക്കർ ഭൂമിയും സ്വർണവുമടക്കം ലേലത്തിൽ വച്ചാൽ തമിഴ്നാട് സർക്കാരിന് കിട്ടുക വൻതുകയായിരിക്കുമെന്നുറപ്പ്. അതെത്രയാകും? കണക്ക് കൂട്ടേണ്ടത് തമിഴ്നാട് സർക്കാരാണ്. അഴിമതിയിലും ആർഭാടത്തിലും മുങ്ങിക്കുളിച്ചതിന് ജനരോഷവും പിന്നീട് നിയമനടപടികളും നേരിട്ട ജെ ജയലളിതയുടെ സ്വത്തുവകകളിലെ വലിയൊരു പങ്ക് അങ്ങനെ തിരികെ സർക്കാർ ഖജനാവിലേക്ക് എത്തിയിരിക്കുകയാണ്.



