ആശങ്കയായി കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം….രോഗം സ്ഥിരീകരിച്ചത് 13 പേർക്ക്…
എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ആശങ്കപരത്തി മഞ്ഞപ്പിത്ത വ്യാപനം. നഗരസഭയിലെ 10, 12, 14 വാർഡുകളിലായി 13 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേരുടെ ആരോഗ്യ നില ഗുരുതരമാണ്. മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം അടിയന്തരയോഗം വിളിച്ചു. രോഗവ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളും ആരംഭിച്ചിട്ടുണ്ട്.
കളമശ്ശേരി നഗരസഭയിലെ 10, 12, 14 വാർഡുകളിലായാണ് കൂടുതൽ രോഗികളുള്ളത്. നഗരസഭാ പരിധിയിൽപ്പെട്ട ചില ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളം, ഐസ് എന്നിവയിലൂടെ രോഗം പകർന്നതായാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. മുപ്പത്തിലധികം പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. രോഗവ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സൂപ്പർ ഡ്രൈവ് ആരംഭിച്ചതായി കളമശ്ശേരി നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു.
രോഗം പടർന്ന മേഖലകളിൽ ക്ലോറിനേഷൻ നടത്തുകയും കുടിവെള്ളം പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള മുപ്പതിലധികം പേർക്കാണ് രോഗ ലക്ഷണമുള്ളത്. പത്താം വാർഡിൽ പെരിങ്ങഴയിൽ രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ പത്തുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 10, 12 വാർഡുകളിലാണ് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വിട്ടുമാറാത്ത പനി, ഛർദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് മിക്കവരും ആശുപത്രിയിലെത്തിയത്.