മഞ്ഞപ്പിത്തം, കോളറ, ഹെപ്പറ്റൈറ്റിസ്, ഷിഗല്ല രോഗങ്ങൾ പടരാൻ സാധ്യത…ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…
Jaundice, cholera, hepatitis, shigella diseases are likely to spread...be careful of these things...
വേനൽക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ പടരുവാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അമിതമായ ചൂടും വയറിളക്കവും കാരണം നിർജലീകരണവും തുടർന്നുള്ള സങ്കീർണ്ണ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ട് ജലജന്യ രോഗങ്ങൾക്ക് എതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു
ജലജന്യ രോഗങ്ങൾ ആയ വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, കോളറ, ഹെപ്പറ്റൈറ്റിസ്, ഷിഗല്ല രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുവാൻ സുരക്ഷിതമായ ആരോഗ്യ ശീലങ്ങൾ ജനങ്ങൾ പ്രാവർത്തികമാക്ക ണം. പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് വ്യക്തി ശുചിത്വം പാലിക്കുക, പരിസര ശുചിത്വം പാലിക്കുക, ആരോഗ്യകരമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പുവരുത്തുക എന്നിവ പ്രധാനമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- കുടിക്കുവാൻ തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക
- ഭക്ഷണപാനീയങ്ങളിൽ ഈച്ച , കൊതുക് പോലെയുള്ള പ്രാണികൾ കടക്കാതെ അടച്ചു സൂക്ഷിക്കുക
- ഭക്ഷണം പാകം ചെയ്യുവാനും, കഴിക്കുവാനും ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ്ധജലത്തിൽ മാത്രം കഴുകുക
- തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് തയ്യാറാക്കിയ ഐസ് മാത്രം പാനീയങ്ങൾ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുക
- കിണറുകളും കുടിവെള്ള സ്രോതസ്സുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ ചെയ്യുക
- കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും മലിനജലം കലർന്നിട്ടുണ്ടെങ്കിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുക
- വയറിളക്ക രോഗങ്ങൾ പിടിപെട്ടാൽ രോഗങ്ങൾ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങുക
- ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഓർഎസ് ലായനി എന്നിവ ഉപയോഗിക്കുക
വ്യക്തി ശുചിത്വം പാലിക്കുക: - ജനിച്ച ആറുമാസം വരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രം നൽകുക
- കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക
- ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
- തുറസ്സായ സ്ഥലങ്ങളിൽ മല മൂത്രവിസർജനം ഒഴിവാക്കുക
- മലമൂത്ര വിസർജനശേഷവും കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക
- വീടിന്റെ പരിസരങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം കൂടാതെ ശ്രദ്ധിക്കുക
- മാലിന്യങ്ങൾ ശാസ്ത്രീയമായി തന്നെ സംസ്കരിക്കുക