മുസ്ലീം ലീഗിന്റെ ദേശീയ ആസ്ഥാനം ഡൽഹിയിലേക്ക് മാറ്റുന്നു; ഖായിദേ മില്ലത്ത് സെന്ററിന്റെ പ്രവർത്തനം തുടങ്ങുന്നതിന് പിന്നിൽ വലിയ ലക്ഷ്യങ്ങൾ
മുസ്ലീം ലീഗിന്റെ ദേശീയ ആസ്ഥാനം ഡൽഹിയിലേക്ക് മാറ്റുന്നു. അഞ്ചു നിലകളുള്ള കെട്ടിടം പണിപൂർത്തിയായി ഉദ്ഘാടനത്തിന് സജ്ജമായികഴിഞ്ഞു. ആധുനികസംവിധാനങ്ങളോടെയുള്ള ഓഫീസുകൾ, ഓഡിറ്റോറിയം, ലൈബ്രറി എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് മുസ്ലീം ലീഗിന്റെ പുതിയ ആസഥാന മന്ദിരം. ഖായിദേ മില്ലത്ത് സെന്റർ എന്നാണ് പാർട്ടി ഓഫീസിന്റെ പേര്. പാർട്ടിസ്ഥാപകൻ മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ സ്മരണാർത്ഥമാണ് ആസ്ഥാന മന്ദിരത്തിന് ഖായിദേ മില്ലത്ത് സെന്റർ എന്ന പേര് നൽകിയിരിക്കുന്നത്.
പാർട്ടി പിറന്നതുമുതൽ ചെന്നൈയാണ് മുസ്ലീം ലീഗിന്റെ ആസ്ഥാനം. വലിയ ലക്ഷ്യങ്ങളോടെയാണ് രാജ്യതലസ്ഥാനത്തേക്ക് ലീഗും ‘തലസ്ഥാനം’ മാറ്റുന്നത്. പാർട്ടിയെ ദേശീയതലത്തിലേക്കു വളർത്തുകയാണ് പ്രധാന ലക്ഷ്യം. കേരളം ശക്തികേന്ദ്രമാണെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലീഗിനു കാര്യമായ സ്വാധീനമില്ല. തമിഴ്നാട്ടിലും പുതുച്ചേരിയിലും മതേതരചേരിയിൽ സഖ്യകക്ഷിയാണ്. കേരളം കഴിഞ്ഞാൽ തമിഴ്നാട്ടിൽനിന്നാണിപ്പോൾ ലോക്സഭയിൽ പ്രാതിനിധ്യമുള്ളത്. ഉത്തരേന്ത്യയിൽ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മാത്രമാണ് സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത്. ഉത്തർപ്രദേശിലെ മീററ്റ് കോർപ്പറേഷനിൽ പാർട്ടി പ്രതിനിധിയുണ്ട്.
ഇന്ത്യ മുന്നണി ശക്തിയാർജിച്ച സാഹചര്യത്തിൽ ലീഗിന് ദേശീയതലത്തിൽ കൂടുതൽ സാധ്യതയുണ്ടെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്നതിലൂടെ കൂടുതൽ സംസ്ഥാനങ്ങളിൽ ഇടപെടാനും രാഷ്ട്രീയ സ്വാധീനമുണ്ടാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനായി പാർട്ടിയുടെയും പോഷകസംഘടനകളുടെയും ചില നേതാക്കളെ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ചുമതലപ്പെടുത്തി.
ആസ്ഥാനം മാറ്റുന്നതിൽ രാഷ്ട്രീയത്തിനതീതമായ ലക്ഷ്യങ്ങളുമുണ്ട്. ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ കൂടുതൽ ഇടപെടലുകൾ നടത്താൻ ലീഗ് കർമപദ്ധതി തയ്യാറാക്കി. കേരളത്തിൽ വിജയകരമായി നടപ്പാക്കിയ വിദ്യാഭ്യാസ, സേവന, ജീവകാരുണ്യ, നിയമസഹായ പ്രവർത്തനങ്ങൾ ഉത്തരേന്ത്യയിലേക്കു കൂടുതൽ വ്യാപിക്കാനാണ് ശ്രമം. യൂത്ത് ലീഗ്, എംഎസ്എഫ്, കെഎംസിസി തുടങ്ങിയ പോഷകസംഘടനകളെ മുൻനിർത്തിയാണ് ഇത്തരം പരിപാടികൾ ആവിഷ്കരിച്ചത്.
2023 മാർച്ച് 10-ന് ചെന്നൈയിൽനടന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിലാണ് ഡൽഹിയിൽ ദേശീയ ആസ്ഥാനം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ പ്രസിഡന്റും പി.കെ. കുഞ്ഞാലിക്കുട്ടി ദേശീയ ജനറൽസെക്രട്ടറിയുമായ ദേശീയകമ്മിറ്റിയുടെ നേതൃത്വത്തിൽത്തന്നെ ആസ്ഥാന മന്ദിരം യാഥാർഥ്യമാക്കാനുമായി.



