മുസ്‌ലിം ലീഗിന്റെ ചൂരൽമല പുനരധിവാസ ടൗൺഷിപ്പ്; നിർമാണം നിർത്തിവെക്കാൻ നിർദ്ദേശിച്ച് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി…

അനുമതി ലഭിക്കാതെ നിർമ്മാണം തുടങ്ങിയെന്ന് ആരോപണം. മുസ്‌ലിം ലീഗിന്റെ ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമാണം നിർത്തിവെക്കാൻ നിർദ്ദേശിച്ച് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി. പ്ലോട്ട് തിരിച്ച് നിർമാണം നടത്താൻ അനുമതി നൽകുന്നതിനു മുന്നേ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് കാണിച്ചാണ് നിർദേശം.

വിഷയം നിയമപരമായി നേരിടുമെന്ന് മുസ്‌ലിം ലീഗ് നേതാക്കൾ പ്രതികരിച്ചു. പ്ലോട്ട് വിഭജനം നടത്താൻ അനുമതി തേടാതെ, നിർമാണം തുടങ്ങി എന്ന് കാണിച്ച് നേരത്തെ സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ സ്ഥലം സന്ദർശിച്ച ശേഷമാണ് നിർമാണം നിർത്തിവയ്ക്കാൻ സെക്രട്ടറി, ലീഗ് നേതൃത്വത്തിന് വാക്കാൽ നിർദേശം നൽകിയത്.

ലീഗ് നിർമിക്കുന്ന ടൗൺഷിപ്പിൽ 68 റെസിഡൻഷ്യൽ പ്ലോട്ടുകൾക്ക് ഡെവലപ്മെന്റ് പെർമിറ്റ് നൽകിയിട്ടുണ്ട്. എന്നാൽ ഇത് പൂർത്തീകരിക്കുന്നതിന് മുൻപ് പ്രസ്തുത സ്ഥലത്ത് ഏഴ് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് എടുത്തെന്നാണ് ചട്ടവിരുദ്ധമായി കണ്ടെത്തിയത്.

ആദ്യം നൽകിയ നോട്ടീസിന് മറുപടി നൽകിയിട്ടുണ്ടെന്നും നിർമ്മാണങ്ങൾക്ക് യാതൊരു തടസ്സമില്ലെന്നും പാണക്കാട് സാദിക്കൽ ശിഹാബ് തങ്ങൾ പ്രതികരിച്ചിരുന്നു. അതേസമയം വിഷയത്തെ നിയമപരമായി കൈകാര്യം ചെയ്യുമെന്നും പ്രതിസന്ധികൾ മറികടന്ന് ടൗൺഷിപ്പുമായി മുന്നോട്ടു പോകുമെന്നും ലീഗ് നേതാക്കൾ പ്രതികരിച്ചു.

മേപ്പാടി പഞ്ചായത്തിൽ തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോട് പ്രദേശത്ത് മുട്ടിൽ-മേപ്പാടി പ്രധാന റോഡിനോട് ചേർന്നാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. എട്ട് സെന്റിൽ ആയിരം സ്‌ക്വയർ ഫീറ്റ് വീടുകളാണ് മുസ്‌ലിം ലീഗ് നിർമിക്കുന്നത്. ഇരുനില വീടുകൾ നിർമിക്കാനാവശ്യമായ അടിത്തറയോട് കൂടിയായിരിക്കും ഭവന സമുച്ചയം ഒരുങ്ങുന്നത്.

Related Articles

Back to top button