‘ചോദ്യം മനസ്സിലുണ്ടായാൽ പോരാ, ചോദിക്കണം’…. വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരും മുഖ്യമന്ത്രിയും തമ്മിൽ വാക്കേറ്റം

കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരും മുഖ്യമന്ത്രിയും തമ്മിൽ രൂക്ഷമായ വാക്കേറ്റം. സിപിഎമ്മിന്റെ മുഖപത്രത്തിന്റെയും ചാനലിന്റെയും പ്രതിനിധികൾക്ക് മാത്രം മറുപടി നൽകുന്നു എന്ന ആക്ഷേപം ഉയർന്നതോടെയാണ് വാർത്താസമ്മേളനം നാടകീയ രംഗങ്ങൾക്ക് വേദിയായത്.

വാർത്താസമ്മേളനത്തിന്റെ ഒരു ഘട്ടത്തിൽ ചില പ്രത്യേക മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മാത്രം മുഖ്യമന്ത്രി മറുപടി നൽകുന്നുവെന്ന് മറ്റ് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി. ഇത് മോശമായ രീതിയാണെന്നും ഇത്തരത്തിൽ വിവേചനം കാണിക്കാനാണെങ്കിൽ എന്തിനാണ് വാർത്താസമ്മേളനം വിളിച്ചുചേർത്തതെന്നും അവർ ചോദിച്ചു. വാർത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റുപോയ മുഖ്യമന്ത്രി, പ്രതിഷേധം ശക്തമായതോടെ തിരികെയെത്തി മറുപടി നൽകി. “ചോദ്യം മനസ്സിലുണ്ടായാൽ പോരാ, അത് ചോദിക്കണം” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇവിടെ ചിലർക്ക് ചില പ്രത്യേക ഉദ്ദേശ്യങ്ങളുണ്ടെന്നും അതാണ് ഇപ്പോൾ പ്രകടമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാ വാർത്താസമ്മേളനങ്ങളിലും എല്ലാവർക്കും ചോദ്യം ചോദിക്കാൻ അവസരം ലഭിക്കില്ലെന്നും സമയം കഴിഞ്ഞതുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. താൻ ഏത് മാധ്യമമാണെന്ന് നോക്കിയല്ല മറുപടി നൽകിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. തുടർന്ന് മാധ്യമപ്രവർത്തകർ ഉന്നയിച്ച മറ്റ് ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ മുഖ്യമന്ത്രി വേദി വിടുകയായിരുന്നു. ഇത് വാർത്താസമ്മേളനങ്ങളിൽ പതിവാകുന്ന ശൈലിയാണെന്ന് മാധ്യമപ്രവർത്തകർ ആക്ഷേപിച്ചു.

Related Articles

Back to top button