തമ്പാനൂരിൽ യുവാവിൽ നിന്നും കണ്ടെടുത്തത്…
തിരുവനന്തപുരം: കഞ്ചാവുമായെത്തിയ പശ്ചിമ ബംഗാൾ സ്വദേശിയെ സിറ്റി ഡാൻസാഫിന്‍റെ സഹായത്തോടെ തമ്പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. തമ്പാനൂർ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നുമാണ് ബംഗാൾ സ്വദേശിയായ രത്തൻ നാമദാസിനെ (35) കസ്റ്റഡിയിലെടുക്കുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തമ്പാനൂർ സുലഭ് കംഫർട്ട് സ്റ്റേഷൻ സമീപത്ത് നിന്നും സംശയം തോന്നി രത്തൻ നാമദാസിന്‍റെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ടു പൊതികളിലായി ബ്രൗൺ മാസ്കിങ് ടേപ്പ് ചുറ്റി സൂക്ഷിച്ച നിലയിൽ 7.245 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ബസിൽ തമ്പാനൂരിൽ വന്നിറങ്ങിയതാണെന്ന് മാത്രമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇടനിലക്കാരനാണോ ചില്ലറ വിൽപ്പനക്കാരനാണോ എന്ന കാര്യങ്ങൾ വിശദമായി ചോദ്യം ചെയ്യുമ്പോഴേ വ്യക്തമാകൂ എന്ന് തമ്പാനൂർ പൊലീസ് അറിയിച്ചു.