നേർച്ചപ്പണത്തെ സംശയത്തോടെ കാണുന്നത് ശരിയല്ല…. FCRA ഭേദഗതി ബിൽ പുന:പരിശോധിക്കണം…. കാതോലിക്ക ബാവ

വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി സഭകളുടെ സാമൂഹിക സേവനങ്ങളെയും മിഷൻ പ്രവർത്തനങ്ങളെയും തകർക്കുകയാണെന്ന് മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. സഭാമക്കൾ നൽകുന്ന നേർച്ചപ്പണത്തെ സംശയത്തോടെ കാണുന്ന കേന്ദ്ര സർക്കാർ നിലപാട് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.

പുതിയ ഭേദഗതി സഭയെ വീർപ്പുമുട്ടിക്കുകയാണെന്ന് കാതോലിക്ക ബാവ പറഞ്ഞു. സഭയുടെ എഫ്‌സിആർഎ അക്കൗണ്ടുകൾ മരവിപ്പിച്ചതിന്റെ കാരണം പോലും കേന്ദ്രം വ്യക്തമാക്കുന്നില്ല. ഇത് ചാരിറ്റി പ്രവർത്തനങ്ങളെയും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ ശുശ്രൂഷകളെയും പ്രതികൂലമായി ബാധിക്കുന്നു. അക്കൗണ്ടുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് നേരിട്ട് അപേക്ഷ നൽകിയിരുന്നു. പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതല്ലാതെ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ബാവ കുറ്റപ്പെടുത്തി. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മറ്റ് സഭകളുമായി ചേർന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേന്ദ്ര സർക്കാർ ഈ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലുള്ള വലിയ ആശങ്ക പരിഹരിക്കാതെ നിയമവുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. സഭകളുടെ സാമൂഹിക സംഭാവനകളെ വിസ്മരിച്ചുകൊണ്ടുള്ള നീക്കങ്ങളിൽ ഇരട്ടത്താപ്പുണ്ടോ എന്ന് സംശയിക്കുന്നതായും ന്യൂനപക്ഷങ്ങളോടുള്ള കേന്ദ്രത്തിന്റെ സമീപനത്തിൽ മാറ്റമുണ്ടാകുന്നുണ്ടോ എന്ന് ആശങ്കപ്പെടുന്നതായും സഭാ നേതൃത്വം വ്യക്തമാക്കി.

Related Articles

Back to top button