‌തന്റേത് ഒറ്റയാള്‍ പോരാട്ടമല്ല;  തന്നോടൊപ്പം അവരുണ്ട്,  വി കുഞ്ഞികൃഷ്ണന്‍

പാർട്ടി നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ തന്റേത് ഒറ്റയാള്‍ പോരാട്ടമല്ലെന്ന് സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണന്‍. ‘താന്‍ നടത്തുന്നത് ഒറ്റയാള്‍ പോരാട്ടമല്ലെന്നും പയ്യന്നൂരിലെ പാര്‍ട്ടി സഖാക്കളില്‍ വലിയ വിഭാഗം തന്നോടൊപ്പമുണ്ട്’ വി കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. രക്തസാക്ഷി ഫണ്ട് ഉള്‍പ്പെടെ തട്ടിക്കുന്നത് ഒരു തരത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്ന കാര്യമല്ല. അതിനാല്‍ ഇതിനെ ഒരു ഒറ്റയാള്‍ പോരാട്ടമായി കാണേണ്ടതില്ല. പക്ഷെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്നെ പുറത്താക്കിയാലും വിഭാഗീയത ഉണ്ടാകാനിടയില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു.

തന്നെ പുറത്താക്കാന്‍ തീരുമാനിച്ചത് ഭൂരിപക്ഷ നിലപാട് കണക്കിലെടുത്താണെന്ന് കേട്ടു. എന്നാല്‍ ഭൂരിപക്ഷത്തിന്റെയോ ന്യൂനപക്ഷത്തിന്റെയോ അഭിപ്രായങ്ങള്‍ പാര്‍ട്ടി അംഗീകരിക്കാറുണ്ടോ എന്നതാണ് സംശയം. ഇല്ലെന്നുള്ളതാണ് തന്റെ അനുഭവം. 2022ല്‍ തന്നെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചു. അന്ന് പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയിലെ 21 അംഗങ്ങളില്‍ 17 പേരും തന്നെ മാറ്റരുതെന്ന് വ്യക്തമായി പറഞ്ഞിരുന്നു. അന്ന് പാര്‍ട്ടി പറഞ്ഞത് ജനാധിപത്യ കേന്ദ്രീകരണതത്വം അംഗീകരിച്ച പാര്‍ട്ടിയാണ് സിപിഐഎം എന്നായിരുന്നു. തീരുമാനമെടുക്കാനുള്ള അധികാരം മേല്‍ഘടകങ്ങള്‍ക്കുണ്ട് അത് അനുസരിക്കാനുള്ള ഉത്തരവാദിത്വം കീഴ്ഘടകങ്ങള്‍ക്കുമുണ്ടെന്നും നേതാക്കള്‍ അന്ന് പറഞ്ഞിരുന്നുവെന്നും വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

 ടി എ മധുസൂദനന്‍ സ്ഥാനാര്‍ത്ഥിയാകണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. അതില്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് പോലും വലിയ പങ്കില്ല. സ്ഥാനാര്‍ത്ഥി ആരാകുമെന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമല്ല. 2021ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫണ്ട് വിവാദമാണ് താന്‍ ആദ്യമുന്നയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി താന്‍ അതിന് വേണ്ടി പാര്‍ട്ടിക്കകത്ത് പോരാട്ടം നടത്തിയിരുന്നു. ഫണ്ട് വെട്ടിക്കുന്ന കാര്യം താന്‍ അംഗീകരിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു. അങ്ങനെ അംഗീകരിച്ചിരുന്നെങ്കില്‍ തനിക്ക് പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമായിരുന്നില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

 കഴിഞ്ഞ 50 വര്‍ഷങ്ങളായി താന്‍ പ്രവര്‍ത്തിച്ച് വന്ന പാര്‍ട്ടിയാണിത്. പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ശരിയായ നിലപാടല്ലെന്ന് പലരും ഉപദേശിച്ചു. മാത്രമല്ല, നമുക്ക് പ്രശ്‌നം പരിഹരിക്കാമെന്ന തരത്തിലുള്ള ചില അഭിപ്രായങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് തിരികെ പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ പിന്നീട് പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങളൊന്നുമുണ്ടായില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാണിച്ചു. 2021ല്‍ നടന്ന ഒരു പ്രശ്‌നത്തെക്കുറിച്ചാണ് താന്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി പാര്‍ട്ടിക്കകത്ത് പോരാട്ടം നടത്തുകയാണ്. 2026ലെ തിരഞ്ഞെടുപ്പ് കൂടി കഴിയട്ടെ എന്ന് കരുതി കാത്തിരിക്കാനാകില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അയാള്‍ പിന്നെ എംഎല്‍എ അല്ലാതെയാകും. പിന്നീട് ഇക്കാര്യങ്ങള്‍ ആരോപിച്ചിട്ട് കാര്യമുണ്ടാകില്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

 മധുസൂദനനോടുള്ള വ്യക്തിപരമായ വൈരാഗ്യം എന്ന കാര്യമൊക്കെ ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന ആരോപണമാണ്. നേതാക്കന്മാരുടെയോ പ്രവര്‍ത്തകരുടെയോ പേരില്‍ തെറ്റുകളുണ്ടെങ്കില്‍ അത് ഉന്നയിച്ച് ചര്‍ച്ച ചെയത് തിരുത്തി പോകുന്ന രീതിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. അങ്ങനെ ഒരു സമീപനം ഈ കാലയളവിനിടയില്‍ ഉണ്ടായിട്ടില്ല. ടി എ മധുസൂദനന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ശത്രുക്കളുണ്ടെന്ന് പറഞ്ഞിരുന്നു. അത്തരത്തില്‍ ഒരു സംശയം അദ്ദേഹത്തിനുണ്ടെങ്കില്‍ അത് പാര്‍ട്ടി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമായിരുന്നു. എന്നാല്‍ ഇന്നേ വരെ അത്തരത്തിലൊരു വിഷയം അദ്ദേഹം പാര്‍ട്ടയില്‍ ഉന്നയിച്ചിട്ടില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

 ഇഎംഎസ് ജീവിച്ചിരിക്കുന്ന കാലത്ത് പാര്‍ട്ടി സെക്രട്ടേറിയേറ്റ് മെമ്പര്‍, പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയുടെ കണക്കുകള്‍ കൈകാര്യം ചെയ്യുന്നയാള്‍ രണ്ടായിരം രൂപയുടെ ചെക്ക് മാറിയെങ്കിലും അത് കണക്കില്‍പ്പെട്ടില്ല. ആ സഖാവിനെതിരെ നടപടിയെടുത്ത പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. താന്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വ്യക്തമായി പറയുകയാണ് മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ല. പ്രചരണത്തിനിറങ്ങുമോ എന്നത് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണ്. മൂന്നാമതും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളം ഭരിക്കണമെന്നാണ് തന്റെ ആഗ്രഹം. കേരളത്തെ ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ത്തിയതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയ പങ്കുണ്ട്. പാര്‍ട്ടിക്കെതിരെ പറയുന്നത് സങ്കടകരമായ കാര്യം തന്നെയാണെന്നും വി കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

 അതേസമയം പയ്യന്നൂരില്‍ വീണ്ടും വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടു. അന്നൂരിലാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. ‘നിങ്ങള്‍ കാട്ടിയ പാതയിലൂടെ മുന്നോട്ട്, ഇനിയും മുന്നോട്ട്’ എന്ന വാചകത്തോടെയായിരുന്നു ഫ്‌ളക്‌സ് ഉയര്‍ന്നത്. വി എസ് അച്യുതാനന്ദന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button