സ്ഥാനമാനങ്ങളോടുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കുമോ അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നത്; മേഴ്‌സിക്കുട്ടിയമ്മ 

കോൺഗ്രസിൽ ചേർന്ന കൊട്ടാരക്കര മുൻ എംഎൽഎയും , സിപിഐഎം നേതാവുമായിരുന്ന ഐഷ പോറ്റിക്കെതിരെ മുൻ മന്ത്രിയും സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവുമായ ജെ മേഴ്‌സിക്കുട്ടിയമ്മ. സ്ഥാനമാനങ്ങളോടുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കുമോ അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നതെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ഐഷ പോറ്റിക്ക് പാർട്ടി വിട്ട് പോകാനുള്ള ഒരു സാഹചര്യവുമില്ല. 3 തവണ എംഎൽഎ ആയി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള എല്ലാ സ്ഥാനങ്ങളും അവർക്ക് പാർട്ടി നൽകിയിട്ടുണ്ട്. എല്ലാ മനുഷ്യർക്കും ഒപ്പം നിൽക്കാൻ ആണെങ്കിൽ എങ്ങനെയാണു യുഡിഎഫിൽ പോകുക. അവർ എപ്പോഴാണ് മനുഷ്യർക്ക് ഒപ്പം നിന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു. വർഗവഞ്ചനയാണ് അവർ ചെയ്തിരിക്കുന്നത്. ഇതിനെ നേരിടാൻ ജില്ലയിലെ പാർട്ടിക്ക് ആകുമെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

മൂന്ന് പതിറ്റാണ്ടുകാലം സിപിഐഎമ്മിനൊപ്പം നിന്ന നേതാവാണ് ഐഷ പോറ്റി. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദിയില്‍ വെച്ചാണ് ഐഷ പോറ്റിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. കൊട്ടാരക്കര മുൻ എംഎഎ ആയ ഐഷ പോറ്റിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാലയിട്ട് സ്വീകരിക്കുകയായിരുന്നു.

Related Articles

Back to top button