ഉദ്യോഗസ്ഥർക്കും ബാധകമാണല്ലോ അല്ലേ, കനത്ത പരിഹാസവുമായി ഐഷ സുൽത്താന

ലക്ഷദ്വീപിൽ മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ബുധനാഴ്ചകളിൽ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന ഭരണകൂടത്തിന്റെ പുതിയ ഉത്തരവിനെതിരെ രൂക്ഷമായ വിമർശനവും, പരിഹാസവുമായി സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് പോലെയുള്ള ശുദ്ധവായു ലഭിക്കുന്ന ഒരിടത്ത് എവിടെയാണ് മലിനീകരണമെന്നും ,ഈ ഉത്തരവ് തികച്ചും വിചിത്രമാണെന്നും അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.
ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് ഐഷ ആരോപിക്കുന്നു. ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലെ മലിനീകരണം വല്ല ‘ജെഫ്രി എപ്സ്റ്റിൻ കാറ്റും’ വഴി ലക്ഷദ്വീപിലേക്ക് എത്തിയതാണോ എന്ന് ബിജെപി നേതാക്കൾ വ്യാഖ്യാനിച്ചേക്കാം എന്ന് അവർ പരിഹസിച്ചു. മലിനീകരണം നിയന്ത്രിക്കാനാണ് ഈ പദ്ധതിയെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും, പ്രകൃതിരമണീയമായ ദ്വീപുകളിൽ ഇത്തരമൊരു നടപടിയുടെ ആവശ്യകതയെ അവർ ചോദ്യം ചെയ്യുന്നു.
ജനങ്ങളോട് ബുധനാഴ്ചകളിൽ ബൈക്കുകളോ, മറ്റ് വാഹനങ്ങളോ ഉപയോഗിക്കരുത് എന്ന് നിർദ്ദേശിക്കുന്ന ഭരണകൂടം, ഈ നിയമം ഉദ്യോഗസ്ഥർക്കും ബാധകമാണോ എന്ന് വ്യക്തമാക്കണമെന്ന് ഐഷ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ തങ്ങളുടെ ഓഫീസുകളിലേക്ക് നടന്നും, സൈക്കിൾ ചവിട്ടിയും പോയി ജനങ്ങൾക്ക് മാതൃകയാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് അവർ കുറിച്ചു. “ഡൽഹിയിലെ പൊല്യൂഷൻ ലക്ഷദ്വീപിനെ ചതിച്ചതാ” എന്ന പരിഹാസത്തോടെയാണ് അവർ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.




