ക്രൂ 11 പേടകം ഭൂമിയിൽ സുരക്ഷിതമായി മടങ്ങിയെത്തി, കടലിൽ സ്‌പ്ലാഷ് ഡൗൺ ചെയ്‌തു

ഒരു ക്രൂ അംഗത്തിന്റെ ആരോഗ്യപ്രശ്നം കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ
ദൗത്യം വെട്ടിച്ചുരുക്കി മടങ്ങിയ ക്രൂ -11 ദൗത്യസംഘം സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി. ക്രൂ-11 ദൗത്യത്തിലെ നാല് അംഗങ്ങളും സുരക്ഷിതമായി തിരിച്ചെത്തി. കാലിഫോർണിയ തീരത്ത് പേടകം സ്‌പ്ലാഷ് ഡൗൺ ചെയ്‌തു. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് രണ്ടേകാലോടെയാണ് ലാൻഡ് ചെയ്തത്.
ചികിത്സ ആവശ്യമുള്ള ഒരു യാത്രികനും മറ്റ് മൂന്ന് അംഗങ്ങളുമാണ് മടങ്ങിയെത്തിയത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്‌നത്തെത്തുടർന്ന് ദൗത്യം വെട്ടിച്ചുരുക്കി തിരികെ ഭൂമിയിലേക്ക് മടങ്ങേണ്ടിവരുന്നത്. യുഎസ്, റഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള നാല് ബഹിരാകാശ യാത്രികരാണ് ക്രൂ -11 ദൗത്യസംഘത്തിലുള്ളത്. സീന കാർഡ്‌മാൻ, മൈക്ക് ഫിൻകെ, കിമിയ യുയി, ഒലെഗ് പ്ലറ്റോനോവ് എന്നിവരാണ് മടങ്ങിയെത്തിയത്. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഡ്രാഗൺ പേടകത്തിലാണ് ഇവർ മടങ്ങുന്നത്. ഇവർ മടങ്ങിയെത്തിയതോടെ നാസയുടെ ക്രിസ് വില്യംസും രണ്ട് റഷ്യൻ സഞ്ചാരികളും മാത്രമാണ് നിലവിൽ ബഹിരാകാശ നിലയത്തിലുള്ളത്.
ചരിത്രത്തിലാദ്യമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇങ്ങനെയൊരു അടിയന്തര തിരിച്ചുവരൽ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഒരു സഞ്ചാരിക്ക് ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടെന്ന് നാസ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയായിരുന്നു. ഈ പ്രശ്‌നം കാരണം ക്രൂ-11 ദൗത്യം നേരത്തെ അവസാനിപ്പിക്കാനും നാലംഗ സംഘത്തെ നേരത്തെ ഭൂമിയിലേക്ക് മടക്കികൊണ്ടുവരാനും അമേരിക്കൻ ബഹിരാകാശ ഏജൻസി തീരുമാനിക്കുകയായിരുന്നു. ഏത് സഞ്ചാരിക്കാണ് ആരോഗ്യപ്രശ്‌നമുള്ളതെന്ന് നാസ വെളിപ്പെടുത്തിയിട്ടില്ല.
സാധാരണ ഗതിയിൽ ആറ് മാസത്തിലധികം നീളുന്നതാണ് നാസയുടെ ക്രൂ ദൗത്യങ്ങൾ. അടുത്ത സംഘമെത്തി ചുമതലയേറ്റെടുത്ത ശേഷമേ മുൻഗാമികൾ മടങ്ങാറുള്ളൂ. ക്രൂ 12 ദൗത്യത്തിൻറെ വിക്ഷേപണം നിലവിൽ ഫെബ്രുവരിയിലാണ് തീരുമാനിച്ചിരിക്കുന്നത്. അവരെത്തും മുമ്പേ ക്രൂ-11 മടങ്ങുമ്പോൾ, റഷ്യയുടെ സൊയൂസ് എം എസ് 28 ദൗത്യത്തിലൂടെ നവംബറിൽ നിലയത്തിലെത്തിയ മൂന്നംഗ സംഘത്തിനാകും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൻറെ സമ്പൂർണ ഉത്തരവാദിത്തം. രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികളും ഒരു നാസ
പ്രതിനിധിയുമാണ് ഈ സംഘത്തിലുള്ളത്.



