ഖത്തറിലെ ഇസ്രയേൽ ആക്രമണം..ഖലീൽ അൽ ഹയ്യയുടെ മകൻ മരിച്ചു..
ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ മധ്യസ്ഥ ചര്‍ച്ചക്കെത്തിയ ഹമാസ് പ്രതിനിധി സംഘത്തിലെ ഖലീൽ അൽ ഹയ്യയുടെ മകൻ മരിച്ചു. ഓഫീസ് ഡയറക്ടറും മൂന്ന് സുരക്ഷാജീവനക്കാരും ഒരു ഖത്തർ സുരക്ഷാ സേനാംഗവും മരിച്ചെന്ന് ഹമാസ് വാർത്താക്കുറിപ്പിലൂടെ അറിയിക്കുന്നു. അതേസമയം, ഉന്നത നേതാക്കൾ സുരക്ഷിതരാണെന്നും ആക്രമണം അതിജീവിച്ചെന്ന് ഹമാസ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിൽ ആറ് പേര്‍ മരിച്ചെന്നാണ് ഹമാസ് സ്ഥിരീകരിക്കുന്നത്. മരിച്ച അഞ്ച് പേരുടെ ചിത്രങ്ങളും ഹമാസ് പുറത്തുവിട്ടു. അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെതിരെ ഹമാസ് വിമര്‍ശനം ഉന്നയിച്ചു.
ലോകരാജ്യങ്ങളെ ഞെട്ടിച്ച് കൊണ്ടാണ് ഖത്തറിൽ ഇസ്രയേലിന്‍റെ ആക്രമണം നടന്നത്. വെടിനിർത്തൽ ചർച്ചയ്ക്കായി ഖത്തറിലെ ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണം. ഹമാസ് നേതാക്കൾ ഒത്തുകൂടിയ ദോഹയിലെ കെട്ടിടം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തു. ഹമാസ് തലവനടക്കം ആര് പേരെ വധിച്ചെന്നും അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണമെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഖത്തറിന്റെ മണ്ണിൽ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉറപ്പ് നല്‍കി. ഇക്കാര്യത്തിൽ ഖത്തറിന് ഉറപ്പ് നൽകിയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ആക്രമണ നീക്കം അറിഞ്ഞയുടനെ ഖത്തറിന് വിവരം കൈമാറാൻ ട്രംപ് നിർദേശിച്ചെന്നാണ് റിപ്പോര്‍ട്ട്. മധ്യ പൂർവേഷ്യയിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനാണ് നിർദേശം നൽകിയത്.