ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ.. ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്…

പലസ്തീനിലെ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് മേലെ കടുത്ത സമ്മർദ്ദവുമായി ഇസ്രയേൽ. പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-തൊയ്ബ (എൽഇടി)യുമായും ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള മറ്റ് ഭീകര സംഘടനകളുമായും ഹമാസ് ശക്തമായ ബന്ധം വളർത്തുകയാണെന്ന് ഇസ്രയേൽ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുന്നു. ഒക്ടോബർ ഏഴ് ആക്രമണത്തിന് പിന്നാലെ 2023 ൽ ലഷ്കർ-ഇ-തൊയ്ബയെ ഇസ്രയേൽ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ഇസ്രയേലിനെ പോലെ തന്നെ ഹമാസ് ഇന്ത്യക്കും സുരക്ഷാ ഭീഷണിയാകുന്നതായാണ് അറിയിപ്പ്. ഇസ്രായേൽ പ്രതിരോധ സേനയുടെ അന്താരാഷ്ട്ര വക്താവ് ലെഫ്റ്റനന്റ് കേണൽ നദവ് ശോഷാനി ജറുസലേമിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞതാണ് ഇക്കാര്യം. ഇന്ത്യയ്ക്കും ഇസ്രായേലിനും ഒരു പൊതു ശത്രുവുണ്ട്. നമ്മൾ ആരെയാണ് നേരിടുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു പ്രസ്താവന ഉണ്ടാകുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.



