അടി, തിരിച്ചടി.. പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക്.. ഇറാന്റെ തിരിച്ചടിയിൽ നടുങ്ങി ഇസ്രയേൽ…

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷമാകുന്നു. ഇസ്രയേലിനെ നടുക്കി ഇറാൻ നടത്തിയ തിരിച്ചടിയോടെ, പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക് നീങ്ങുന്നു എന്നാണ് വിലയിരുത്തൽ. സുപ്രധാന ഇസ്രായേലി നഗരങ്ങൾ ഉന്നമിട്ട് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു .60 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
ബുധനാഴ്ച രാത്രിയില്‍ ഇസ്രായേല്‍ ഇറാനെതിരെ വ്യോമാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇറാന്റെ ആണവ – സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. ഇതിന് പിന്നാലെ ഇറാന്‍ തിരിച്ചടിച്ചതോടെ മധ്യപൂര്‍വദേശത്ത് അശാന്തി രൂപപ്പെട്ടു. ഇരുരാജ്യങ്ങളും ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ഇസ്രയേലിനെ നടുക്കി കൊണ്ടായിരുന്നു ഇറാന്റെ കനത്ത തിരിച്ചടി.
ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇറാന്‍ ഇസ്രയേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. ടെല്‍അവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിസ് മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത്. ആക്രമണത്തില്‍ ടെല്‍അവീവിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ടെല്‍അവീവിലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് വന്‍ സ്ഫോടനം നടന്നതായും തീപിടിത്തത്തില്‍ കെട്ടിടത്തിന് കനത്ത നാശനഷ്ടം ഉണ്ടായതായും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ ആക്രമണം തുടങ്ങിയതോടെ ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കിയിരുന്നു. ടെല്‍ അവീവിന്റെ പരിസര പ്രദേശങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടന്നിട്ടുണ്ടെന്നും പരിക്കേറ്റവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയോ ലൊക്കേഷന്‍ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്യരുത് എന്ന് ഇസ്രയേല്‍ വ്യോമസേന ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.