ആറു വയസുകാരിയുടെ കൊലയ്ക്ക് പിന്നിൽ ദുര്‍മന്ത്രവാദമോ?പ്രതിയുടെ മൊഴിയിൽ വൈരുധ്യം…

എറണാകുളം:കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയതിൽ അടിമുടി ദുരൂഹത തുടരുന്നു. കേസിൽ അറസ്റ്റിലായ അനിഷയുടെ മൊഴിയിലുള്ള വൈരുധ്യമാണ് പൊലീസിനെ കുഴയ്ക്കുന്നത്. ആറു വയസുകാരിയുടെ കൊലയ്ക്ക് പിന്നിൽ ദുര്‍മന്ത്രവാദമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ദുര്‍മന്ത്രവാദം പോലുള്ള അഅന്ധവിശ്വാസങ്ങളുടെ സ്വാധീനവും പൊലീസ് സംശയിക്കുന്നുണ്ട്. അറസ്റ്റിലായ അനിഷ പലപ്പോഴായി പലതരത്തിലുള്ള മൊഴിയാണ് പൊലീസിന് നൽകുന്നത്. അനിഷയുടെ ഭര്‍ത്താവ് അജാസ് ഖാൻ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. വിശദമായ അന്വേഷണത്തിനു ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു.

ദുർമന്ത്രവാദ സാധ്യതയെ കുറിച്ച് അവ്യക്തമായ സംശയം നിലനിൽക്കുന്നുണ്ടെന്നും നിലവിൽ കേസിൽ ഒരു പ്രതി മാത്രമെന്നാണ് നിഗമനമെന്നും പൊലീസ് പറഞ്ഞു. നെല്ലിക്കുഴിയിൽ സ്ഥിര താമസമാക്കിയ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്‍റെ ആറു വയസുകാരിയായ മകൾ മുസ്കാനെ ഇന്നലെ രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അജാസ് ഖാന്‍റെ രണ്ടാം ഭാര്യ നിഷയെന്ന വിളിക്കുന്ന അനിഷയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. അജാസ് ഖാന് ആദ്യ ഭാര്യയിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ട മുസ്കാൻ.

Related Articles

Back to top button