കൊടുവള്ളിയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട്…

കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ വോട്ടർ പട്ടിക ക്രമക്കേടെന്ന് വ്യക്തമാക്കുന്ന നഗരസഭാ അസിസ്റ്റന്റ് സെക്രട്ടറിയുടെ കത്ത് പുറത്ത്. 37 വാർഡുകളിലും വോട്ട് മാറ്റിയതുമായി ബന്ധപ്പെട്ട രേഖകളോ നോട്ടീസോ നഗരസഭയിലില്ല എന്നാണ് കത്തിൽ പറയുന്നത്. ആരോപണങ്ങൾ ശരിയെന്നും പ്രതിഷേധം കടുപ്പിക്കുമെന്നുമാണ് യുഡിഎഫ് നിലപാട്.
വാർഡ് വിഭജനം പൂർത്തീകരിച്ച് കരട് വോട്ടർ പട്ടിക പുറത്ത് വന്നപ്പോൾ വോട്ടുകൾ നഷ്ടമായെന്നായിരുന്നു പ്രദേശവാസികളുടെ പരാതി. പരാതിയെ തുടർന്ന് യുഡിഎഫിന്റെ നേതൃത്വത്തിൽ നാട്ടുകാർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധവുമായി എത്തി. തദ്ദേശ വകുപ്പ് ഡയറക്ടർ നഗരസഭയിൽ നേരിട്ടെത്തി പരിശോധനകൾ നടത്തിയിരുന്നു. പിന്നാലെയാണ് അസി.സെക്രട്ടറിയുടെ കത്ത്. ഒരു വാർഡിലെയും വിവരങ്ങൾ അടങ്ങിയ നോട്ടിസോ രേഖകളോ ഓഫിസിലില്ലെന്നതാണ് കത്തിൽ പറയുന്നത്. ബൾക്ക് ട്രാൻസ്ഫർ സംബന്ധിച്ച് നിയമാനുസൃതമായി പാലിക്കേണ്ട നടപടി ക്രമങ്ങളും പാലിച്ചിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.



