ഓഫീസ് നിർമ്മാണത്തില്‍ ക്രമക്കേട്.. ബിജെപിയിൽ ചേരിതിരിവ്…വിമതവിഭാഗം ‘ലോട്ടസ് ആർമി‘ രൂപീകരിച്ചു..
കോഴിക്കോട് കായണ്ണയിലെ ബിജെപിയിൽ ചേരിതിരിവ്. വിമത വിഭാഗം ലോട്ടസ് ആർമി എന്ന കൂട്ടായ്മ രൂപീകരിച്ചു. ബി ജെ പി ഓഫീസ് നിർമ്മാണത്തിൽ ക്രമക്കേട് എന്ന് ആരോപിച്ചാണ് വിമത വിഭാഗത്തിന്റെ നീക്കം. വിഷയത്തിൽ ജില്ലാ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടും ക്രമക്കേടിൽ നടപടി എടുത്തില്ലെന്നാണ് ആക്ഷേപം.ആരോപണ വിധേയനായ രാജേഷ് കായണ്ണയ്ക്ക് വീണ്ടും ഭാരവാഹിത്വം നൽകിയെന്നും പരാതിയിൽ പറയുന്നുണ്ട്. 2004ൽ ആണ് കായണ്ണയിൽ ബിജെപി ഓഫീസുമായി ബന്ധപ്പെട്ടുള്ള ശിലാസ്ഥാപനം നടന്നിരുന്നത്,. പിന്നീട് ഓഫീസ് പണിയാൻ ആവശ്യമായ സാധന സാമഗ്രികൾ ഇറക്കുകയും എന്നാൽ അത് ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോവുകയും ചെയ്തെന്ന ആരോപണമാണ് പ്രധാനമായും അവിടെ ഉള്ള വിമതപക്ഷം ഉയർത്തുന്നത്.
ആരോപണ വിധേയർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും അവരെ സംരക്ഷിക്കുന്ന നിലപാടാണ് പിന്നീടും സ്വീകരിച്ചതെന്നും ആരോപിച്ചാണ് വിമത വിഭാഗം സമാന്തര പ്രവർത്തനങ്ങളുമായി ലോട്ടസ് ആർമി രൂപീകരിച്ചിരിക്കുന്നത്.