ഇറിഡിയം വിറ്റ് കോടികൾ ലാഭം കിട്ടുമെന്ന് വാ​ഗ്ദാനം.. ആലപ്പുഴക്കാരൻ തട്ടിപ്പുകാരന്റെ വലയിൽ വീണവരിൽ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരും ജനപ്രതിനിധികളും

ആലപ്പുഴ: ഇറിഡിയം തട്ടിപ്പിന് ഇരകളായവരിൽ ജനപ്രതിനിധികളും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരും വരെയെന്ന് റിപ്പോർട്ട്. ഇറിഡിയം ലോഹം വിറ്റ് കോടികൾ ലഭിക്കുമെന്ന വാഗ്ദാനത്തിൽ മയങ്ങി ലക്ഷക്കണക്കിന് രൂപയാണ് പലരും തട്ടിപ്പുകാർക്ക് നൽകിയത്. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥന്മാർ പോലും തട്ടിപ്പ് സംഘത്തിന്റെ വലയിൽ വീണു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

റിസർവ് പൊലീസിന്റെ ചുമതലയുള്ള ഒരു ഡിവൈ.എസ്.പി.യും തട്ടിപ്പിനിരയായി എന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തിൽ നിന്നും 25 ലക്ഷം രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയതെന്ന് കണ്ടെത്തി. വിവിധ യോഗങ്ങളിൽ പങ്കെടുപ്പിച്ച് വലിയ ലാഭം ഉറപ്പുനൽകിയെങ്കിലും, ഇതുവരെ നൽകിയ പണം പോലും തിരിച്ചുകിട്ടിയിട്ടില്ല.

തട്ടിപ്പിന്റെ വലയിൽ ഒരു വനിതാ എസ്.ഐ.യുടെ ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവും പെട്ടു. ഇയാളിൽ നിന്ന് 10 ലക്ഷം രൂപയാണ് സംഘം വാങ്ങിയത്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, നിക്ഷേപം പത്തിരട്ടിയായി നൽകുമെന്ന വാഗ്ദാനമാണ് തട്ടിപ്പുകാർ നൽകിയത്. കുമരകത്ത് സംഘടിപ്പിച്ച യോഗങ്ങളിൽ തമിഴ്നാട്ടിൽ നിന്നെത്തിയവർക്കു പൊലീസ് കാവൽ ഏർപ്പെടുത്തിയതും സംഭവത്തെ ചുറ്റിയുള്ള വിവാദങ്ങൾ വർദ്ധിപ്പിക്കുന്നു. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന് തട്ടിപ്പുകാർ ഐഫോൺ സമ്മാനിച്ചതായും ആരോപണമുണ്ട്.

ആലപ്പുഴ വീയപുരം സ്വദേശി സജി ഔസേഫാണ് കേരളത്തിലെ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്നത്. ഇയാളുടെ നേതൃത്വത്തിൽ പ്രത്യേക പിരിവ് ആരംഭിച്ചതോടെയാണ് കൂടുതൽ പേർക്ക് തട്ടിപ്പിന്റെ ആഴം ബോധ്യമായത്. പരാതികളിൽ നടപടി വൈകുന്നതിന് പിന്നിൽ ഉന്നതതല ഇടപെടലുണ്ടെന്ന സംശയവും ശക്തമാണ്.

ഇടുക്കിയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റും ഭാര്യയും തട്ടിപ്പിനിരയായവരിൽപ്പെടുന്നു. 10 കോടി രൂപ വീതം ലഭിക്കുമെന്ന ഉറപ്പിൽ ഇവർ 39 ലക്ഷം രൂപ കൈമാറിയതായാണ് വിവരം. കൊട്ടാരക്കര, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ വിമുക്തഭടന്മാരിൽ നിന്നു 20 ലക്ഷം രൂപ വീതവും സംഘം തട്ടിയെടുത്തു. പണം നൽകിയവരെ ഉപയോഗിച്ച് അവരുടെ ബന്ധുക്കളെയും പരിചയക്കാരെയും വലയിൽ വീഴ്ത്തുന്നതാണ് സംഘത്തിന്റെ തന്ത്രം. ബന്ധുവായ ഒരു സ്ത്രീയെപ്പോലും സജി ഔസേഫ് ഇത്തരത്തിൽ ചതിയിൽപ്പെടുത്തിയതായും പറയുന്നു.

Related Articles

Back to top button