ബഹ്‌റൈനിലെ ആമസോൺ ഡാറ്റാ സെന്ററിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം…. വൻ നാശനഷ്ടമെന്ന് റിപ്പോർട്ട്

മിഡിൽ ഈസ്റ്റിലെ സംഘർഷം പുതിയ തലങ്ങളിലേക്ക്. ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. അമേരിക്കൻ ടെക് കമ്പനികളെ ലക്ഷ്യമിടുമെന്ന ഇറാന്റെ മുൻകൂർ മുന്നറിയിപ്പിന് പിന്നാലെയാണ് ആമസോൺ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വൻ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരങ്ങൾ.
ബഹ്‌റൈനിലെ ആമസോൺ ഡാറ്റാ സെന്ററിലുണ്ടായ തീ അണയ്ക്കാൻ സിവിൽ ഡിഫൻസ് സംഘം പരിശ്രമിക്കുന്നതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ആമസോണിന്റെ ആഗോള ക്ലൗഡ് പ്രവർത്തനങ്ങളെ ഇത് ബാധിച്ചേക്കുമെന്നാണ് സൂചന. സൗദി അറേബ്യക്ക് നേരെ ഇന്നും ഇറാന്റെ ഡ്രോൺ ആക്രമണശ്രമമുണ്ടായി. ഇതിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന പ്രമേയത്തിന്മേൽ ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. ദുബായിലെ ഒറാക്കിൾ ഡാറ്റാ സെന്റർ ആക്രമിക്കപ്പെട്ടെന്ന ഐആർജിസിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ ദുബായ് മീഡിയ ഓഫീസ് നിഷേധിച്ചു. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇറാന്റെ അൽബോർസ് പ്രവിശ്യയിൽ നിർമ്മാണത്തിലിരുന്ന പാലത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. ഇറാന്റെ ഏറ്റവും വലിയ പാലമാണ് തകർക്കപ്പെട്ടതെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.



