ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടുന്നു.. കനത്ത തിരിച്ചടി.. എണ്ണ വില ഉയരും…
രാജ്യത്തെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. ആഗോള എണ്ണ, വാതക വിതരണത്തിന്റെ ലോകത്തിലെ ഏറ്റവും നിർണായക ചെക്ക് പോയിന്റുകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ലോകത്തെ എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും ഹോർമുസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. ഗൾഫിനെ അറേബ്യൻ കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന പാതയാണിത്.
ഇറാന്റെ നിർണായക നീക്കം ലോകത്താകെ എണ്ണ വില കൂടുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന ആശങ്കയും ഇതോടെ ഉയർന്നു.സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തർ, ഇറാൻ, കുവൈറ്റ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഹോർമുസ് ജലപാതയിലൂടെയാണ് കടന്നു പോകുന്നത്. അമേരിക്ക, യൂറോപ്പ്, ഏഷ്യ ഭൂഖണ്ഡങ്ങളിലെ വ്യാപാര മേഖലയെ സാരമായി ബാധിക്കുന്നതു കൂടിയാണ് ഇറാന്റെ നീക്കം.ഇന്ത്യയെ സംബന്ധിച്ചും ഹോർമുസ് കടലിടുക്ക് പ്രധാനമാണ്. പ്രതിദിനം ഇറക്കുമതി ചെയ്യുന്ന 5.5 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയിൽ 2 ദശലക്ഷം ബാർ വരെ ഈ പാത വഴിയാണ് എത്തുന്നത്.
അതേസമയം ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം ആഗോള എണ്ണ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്ത്യ ഇന്ധന ശേഖരം വര്‍ധിപ്പിക്കുന്നു. ആഗോള വിപണിയില്‍ എണ്ണവിലയിലെ ചാഞ്ചാട്ടം തുടരുന്നതിനിടെ റഷ്യയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചു. ജൂണിലെ കണക്കുകളിലാണ് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഉയര്‍ച്ചയുള്ളതായി ചൂണ്ടിക്കാട്ടുന്നത്. സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ പശ്ചിമേഷ്യന്‍ വിതരണക്കാരില്‍ നിന്നും ഇന്ത്യയിലെത്തിക്കുന്ന എണ്ണയുടെ അളവിനേക്കാള്‍ കൂടുതല്‍ ഇക്കാലയളവില്‍ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്‌തെന്നാണ് കണക്കുകള്‍