പതിച്ചത് ഒരുമിസൈൽ മാത്രം..വ്യോമപാത തുറന്ന് ഖത്തറും ബഹ്റൈനും..

യുഎസിന്റെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരേ ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളില്‍ ഒരെണ്ണം ഒഴികെ എല്ലാം പ്രതിരോധിക്കാനായെന്ന് ഖത്തര്‍. ഒരു മിസൈല്‍ മാത്രമാണ് പ്രദേശത്ത് പതിച്ചതെന്നും എന്നാല്‍ ഇതുകാരണം അത്യാഹിതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശികസമയം തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ഇറാന്‍ ഏഴുമിസൈലുകള്‍ വ്യോമതാവളത്തിന് നേരേ തൊടുത്തുവിട്ടത്. എന്നാല്‍, ഖത്തറിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കുംമുന്‍പേ കടലിന് മുകളില്‍വെച്ച് തന്നെ ഇവയെല്ലാം വെടിവെച്ചിട്ടു. ഇതിനുപിന്നാലെ 12 മിസൈലുകള്‍ വ്യോമതാവളം ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തുവിട്ടു. ഇതില്‍ 11 എണ്ണവും വെടിവെച്ചിട്ടു. ഒരു മിസൈല്‍ മാത്രമാണ് അല്‍ ഉദൈദ് വ്യോമതാവളത്തില്‍ പതിച്ചതെന്നും അല്‍ ഹാജിരി പറഞ്ഞു. ആക്രമണത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. ദൈവാനുഗ്രഹത്താല്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരു മിസൈല്‍ ഒഴികെ എല്ലാം പ്രതിരോധിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് താവളങ്ങളുള്ള മേഖലകള്‍ ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണിക്ക് പിന്നാലെ രാജ്യത്തിന്റെ സായുധസേനകള്‍ സജീവമായി ഇടപെട്ടെന്നും വ്യോമാതിര്‍ത്തിയും സാമ്പത്തികമേഖലകളും ഉള്‍പ്പെടെ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ അടച്ചിട്ടിരുന്ന ഖത്തറിന്റെ വ്യോമപാത തുറന്നു. ഇന്ത്യന്‍സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് ഖത്തര്‍ വ്യോമപാത തുറന്നതായി സിഎന്‍എന്‍ അടക്കമുള്ള അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറിന് പുറമേ കുവൈത്തും ബഹ്‌റൈനും തങ്ങളുടെ വ്യോമപാതകള്‍ തുറന്നതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളും സാധാരണനിലയിലായി.

Related Articles

Back to top button