യുദ്ധം അവസാനിച്ചു.. പശ്ചിമമേഷ്യ സാധാരണ നിലയിലേക്ക്.. ആണവ കേന്ദ്രങ്ങൾ നശിപ്പിക്കാനായില്ല…

വെടിനിർത്തൽ കരാർ പ്രാബല്യത്തിലായതോടെ പശ്ചിമമേഷ്യയിലെ സ്ഥിതി സാധാരണ നിലയിലേക്ക്. ഇന്നലെ രാത്രി ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല. ഇറാനെതിരെ ഇസ്രയേൽ നേടിയത് ചരിത്രജയമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം. ആക്രമണത്തിലും പ്രതിരോധത്തിലും ഒപ്പം നിന്ന അമേരിക്കയ്ക്ക് നെതന്യാഹു നന്ദി അറിയിച്ചു.

അതേസമയം ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ പിന്തുണച്ച് ടെഹ്റാനിൽ പ്രകടനങ്ങൾ നടന്നു.ഇറാൻ വ്യോമപാത ഉടൻ തുറന്നേക്കുമെന്നാണ് റിപ്പോർട്ട്.സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇറാൻ വ്യോമപാത തുറക്കുന്നത്. ഖത്തറിൽ ഇന്നലെ ജിസിസി രാഷ്ട്രങ്ങളുടെ യോഗം ചേർന്നു. നിലവിലെ സാഹചര്യം അറബ് രാഷ്ട്രങ്ങൾ വിലയിരുത്തി. 12 ദിവസത്തെ യുദ്ധം അവസാനിച്ചതായി ഇറാൻ പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതോടെ ടെഹറാനിൽ വൻ ആഘോഷ പ്രകടനം നടന്നു. ആയത്തുള്ള ഖംനഇയുടെ ചിത്രങ്ങളുമായി ജനം തെരുവിലിറങ്ങി.

ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കി. നാറ്റോ ഉച്ചകോടിക്കായി പോകുന്നതിനിടെ വിമാനത്തിൽ വച്ചായിരുന്നു ട്രംപിന്റെ പ്രതികരണം. വെടിനിർത്തൽ നിലവിൽ വന്നതോടെ ഇറാനുമായി കൂടുതൽ ചർച്ചയ്ക്ക് ഒരുങ്ങുകയാണ് അന്താരാഷ്ട്ര ആണവോർജ്ജ സമിതി.

Related Articles

Back to top button