റോഡിലൂടെ നടക്കുമ്പോൾ കൈയിലിരുന്ന ഐഫോൺ ഓടയിൽ വീണു; എടുക്കാൻ കഴിയാതെ വന്നപ്പോൾ ഒടുവിൽ..
ഓടയിൽ വീണ അരലക്ഷം രൂപ വിലവരുന്ന സ്മാർട്ട്ഫോൺ വീണ്ടടുത്ത് ഫയർഫോഴ്സ് ടീം. ബാലരാമപുരം സ്വദേശിനിയും തിരുവനന്തപുരം മെഡിക്കൽകോളജിലെ ഓഫീസ് ജീവനക്കാരിയുമായ നിത്യയുടെ സ്മാർട്ട് ഫോണാണ് രാവിലെ നഗരത്തിലെ ഓടയിൽ വീണത്. തമ്പാനൂർ റെയിൽ വേ സ്റ്റേഷന് സമീപത്തൂടെ നടന്നു വരുന്നതിനിടെയാണ് കൈയ്യിലുണ്ടായിരുന്ന ഫോൺ റോഡിന് വശത്തുള്ള ഓടയിലേക്ക് വീണത്. ഓടയിൽ നിന്ന് ഫോൺ വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് തിരുവനന്തപുരം ഫയർഫോഴ്സ് യൂണിറ്റിനെ വിവരം അറിയിച്ചത്. വിവരമറിഞ്ഞ് ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ സുധീഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ സ്ഥലത്തെത്തി ഒരുമണിക്കൂർ പരിശ്രമിച്ചാണ് ഫോൺ വീണ്ടെടുത്തത്. വെള്ളവും ചെറിയും നിറഞ്ഞ ഓടയിലേക്കാണ് വീണതെങ്കിലും സേനയുടെ വിദഗ്ധമായ ഇടപെടൽ മൂലം തകരാറില്ലാതെ തിരിച്ചെടുക്കാനായതിലുള്ള സന്തോഷവും നന്ദിയും അറിയിച്ചാണ് നിത്യ മടങ്ങിയത്.