വ്ലോഗർ മുകേഷ് എം നായർക്കെതിരായ പോക്സോ കേസിൽ അന്വേഷണ റിപ്പോർട്ട്….
തിരുവനന്തപുരം: വ്ലോഗർ മുകേഷ് എം നായർക്കെതിരായ പോക്സോ കേസിൽ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതിന് തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്. കുട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറ്റം നിലനിർത്തിയാണ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. പരാതിയിൽ പറയാത്ത കാര്യം പിന്നീട് മൊഴിയിൽ പറഞ്ഞതിൽ വൈരുദ്ധ്യമുണ്ട്. പങ്കുവെച്ച ദൃശ്യങ്ങളിൽ അസ്വാഭാവികത ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു
കോവളത്തെ റിസോർട്ടിൽ വെച്ച് ഫെബ്രുവരി മാസമാണ് റീൽസ് ചിത്രീകരണം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ചിത്രീകരണത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർധനഗ്നയാക്കി അഭിനയിപ്പിച്ചുവെന്നും സ്വകാര്യഭാഗത്ത് സ്പർശിച്ചെന്നുമുള്ള പരാതിയിൽ ഇക്കഴിഞ്ഞ ഏപ്രിലിൽ മുകേഷ് എം നായർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കടയ്ക്കൽ സ്വദേശിയായ പതിനഞ്ചുകാരിയുടെ മാതാപിതാക്കളുടെ പരാതിയിൽ കോവളം പൊലീസാണ് കേസെടുത്തത്. പെൺകുട്ടിയുടെയും മാതാവിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു നടപടി. പെൺകുട്ടിയെ ഷൂട്ടിങ്ങിനായി എത്തിച്ച കോഡിനേറ്റർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.